തെക്കന്‍ ജില്ലകളിലെ ജനവിധി ഇന്ന്; തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്

തെക്കന്‍ ജില്ലകളിലെ ജനവിധി ഇന്ന്; തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക്
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശതെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്. ആവേശത്തിലൂന്നിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കൊടുവില്‍ ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലേക്ക് നീങ്ങുന്നത്.

471 ഗ്രാമപഞ്ചായത്തുകളും 75 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 39 മുന്‍സിപ്പാലിറ്റികളും മൂന്ന് കോര്‍പ്പറേഷനുകളുമാണ് ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുന്നത്. തിരുവനന്തപുരത്ത് 73 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവയിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് കോര്‍പ്പറേഷനിലെ വിഴിഞ്ഞം വാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് മാറ്റിവെച്ചിട്ടുണ്ട്.

കൊല്ലത്ത് 68 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും പത്തനംതിട്ടയില്‍ 53 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, നാല് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും ആലപ്പുഴയില്‍ 72 ഗ്രാമപഞ്ചായത്തുകള്‍, 12 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, ആറ് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും കോട്ടയത്ത് 71 ഗ്രാമപഞ്ചായത്തുകള്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, ആറ് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇടുക്കിയില്‍ 52 ഗ്രാമപഞ്ചായത്തുകള്‍, എട്ട് ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, രണ്ട് മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലും എറണാകുളത്ത് 82 ഗ്രാമപഞ്ചായത്തുകള്‍, 14 ബ്ലോക്ക് പഞ്ചായത്തുകള്‍, ജില്ലാ പഞ്ചായത്ത്, 13 മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലും വോട്ടെടുപ്പ് നടക്കുകയാണ്. ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. നിലവില്‍ മോക് പോളിങ് ആരംഭിച്ചിട്ടുണ്ട്.

ആകെ 36, 630 സ്ഥാനാര്‍ത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. 1.32 കോടിയിലധികം വോട്ടര്‍മാര്‍ക്കായി 15, 432 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഇന്ന് വൈകിട്ടോടെ പരസ്യപ്രചരണം അവസാനിക്കും.

Content Highlights: First phase of Local Body Election held today in Kerala

dot image
To advertise here,contact us
dot image