

കണ്ണൂര്‍: ഇന്‍ഡിഗോയ്‌ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതുകൊണ്ട് വിമാനക്കമ്പനി നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്ന് ഇ പി ജയരാജന്‍. ഇന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി വലിയ പ്രതിസന്ധിയിലാണ്. അതിനിടയ്ക്ക് അവരുടെ മേല്‍ കല്ലെടുത്തുവെയ്ക്കാന്‍ താനില്ലെന്നും ഇ പി ജയരാജന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'അന്നത്തെ പ്രശ്‌നത്തിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഡിഗോയുടെ നിലപാടിനെ വിമര്‍ശിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി കുറച്ചുകാലം ഇന്‍ഡിഗോയില്‍ യാത്ര ചെയ്യില്ലെന്ന് തീരുമാനിച്ചിരുന്നു. ശേഷം സീതാറാം യെച്ചൂരി അന്തരിച്ചപ്പോള്‍ അവിടെ പോകേണ്ടത് ഏറ്റവും ആവശ്യമായിരുന്നു. അന്നാണ് കോഴിക്കോട് നിന്നും ഇന്‍ഡിഗോയില്‍ യാത്ര ചെയ്തത്. പിന്നീട് ഇന്‍ഡിഗോയില്‍ യാത്ര ചെയ്തിട്ടുണ്ട്. ഇന്‍ഡിഗോ മാത്രമല്ല, ഇവിടെ എയര്‍സര്‍വ്വീസ് നടത്തുന്നതില്‍ വലിയ വീഴ്ചയുണ്ട്. ഇന്‍ഡിയോ സര്‍വ്വീസുകള്‍ റദ്ദാക്കി എത്ര യാത്രക്കാരെയാണ് ബുദ്ധിമുട്ടിക്കുന്നത്. വിമാനസര്‍വ്വീസുകാര്‍ക്ക് ഇഷ്ടംപോലെ ചെയ്യാന്‍ എങ്ങനെയാണ് സാധിക്കുന്നത്. അത് സര്‍ക്കാരിന്റെ വീഴ്ചയാണ്', എന്നും ഇ പി ജയരാജന്‍ പറഞ്ഞു.
സീസണ്‍ വന്നാല്‍ വന്‍കൊള്ളയാണ് വിമാനക്കമ്പനികള്‍ നടത്തുന്നത്. എങ്ങനെയാണ് ഇഷ്ടംപോലെ വിമാനകമ്പനികള്‍ക്ക് ചാര്‍ജ് ഈടാക്കാന്‍ സാധിക്കുന്നത്. യാത്രക്കാരെ ചൂഷണം ചെയ്യുന്നത് കേന്ദ്ര സര്‍ക്കാരിന്റെയും വ്യോമയാന വകുപ്പിന്റെയും വീഴ്ചയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഇന്‍ഡിഗോയുടേത് നല്ല വിമാന സര്‍വ്വീസാണ്. നല്ല നിലയില്‍ സര്‍വ്വീസ് നടത്തണം. ആയിരക്കണക്കിന് ആളുകളുടെ ജോലിയാണ്. പ്രതിഷേധം ഉള്ളതുകൊണ്ട് നശിക്കണം എന്നാഗ്രഹിക്കുന്നില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.
അന്ന് സംഭവിച്ചതിലൊന്നും തനിക്ക് വിഷമമില്ല. പറയേണ്ടത് പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി യാത്ര ചെയ്യുമ്പോള്‍ ആ മുഖ്യമന്ത്രിക്കെതിരെ ആസൂത്രിതമായി പ്രതിഷേധം സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ അവരെ തടഞ്ഞ തനിക്കാണ് കൂടുതല്‍ ശിക്ഷയും യാത്രാവിലക്കും ഏര്‍പ്പെടുത്തിയത്. അന്ന് ഇന്‍ഡിഗോ തെറ്റായ നിലപാടാണ് സ്വീകരിച്ചത്. പാര്‍ലമെന്റിലെ കോണ്‍ഗ്രസ് എംപിമാര്‍ വ്യോമയാന മന്ത്രിയെ ബന്ധപ്പെട്ട് കുറ്റവാളികളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ആ വിഷയത്തില്‍ നീതി കിട്ടിയില്ല. അതെല്ലാം കഴിഞ്ഞു. ജനപ്രീതി നേടിയെടുക്കാന്‍ സാധിക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlights: I don't want Indigo to perish Ep Jayarajan