

തിരുവനന്തപുരം: തദ്ദേശപ്പോരിന്റെ പൊലിമ കൂട്ടുന്ന കൊട്ടിക്കലാശം അവസാനിച്ചു. വോട്ടുറപ്പിക്കാനും സ്ഥാനാര്‍ത്ഥികളുടെ പേര് ജനങ്ങളുടെ മനസില്‍ പതിപ്പിക്കാനുമുള്ള നെട്ടോട്ടത്തിന്റെ അവസാന ദിനമായ ഇന്ന് സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ പൊടിപാറുന്ന കൊട്ടിക്കലാശമായിരുന്നു അരങ്ങേറിയത്. സംസ്ഥാനത്ത് തെക്ക് മുതല്‍ മധ്യകേരളം വരെ ഏഴ് ജില്ലകളിലാണ് ഇന്ന് ആവേശ-ആരവത്തിന്റെ കൊട്ടിക്കലാശം നടന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യപ്രചാരണമാണ് ഇന്ന് വൈകീട്ട് ആറ് മണിയോടെ അവസാനിച്ചത്. ഈ ആവേശത്തിന്റെ ആര്‍ജവത്തോടെ 1.32 കോടി വോട്ടര്‍മാര്‍ ചൊവ്വാഴ്ച ജനവിധി തീരുമാനിക്കും.
കൊട്ടിക്കലാശം നടന്ന ജില്ലകളുടെ മുക്കിലും മൂലയിലും വരെ വലിയ ആവേശ പ്രകടനമാണ് നടന്നത്. സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം അവസാനിക്കും.
പരസ്യപ്രചാരണത്തിന് പരമാവധി ആവേശം നിറയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും സാധിച്ചുവെന്നാണ് വിലയിരുത്തല്‍. 20 ദിവസം നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്ന് വൈകുന്നേരം ആറ് മണിയോടെ തിരശ്ശീല വീണത്.
Content Highlight; Campaign for the first phase of the Kerala Local Body Election 2025 concluded today