

ആലപ്പുഴ: പാര്‍ലമെന്റിലെ യുഡിഎഫ് എംപിമാരുടെ പ്രകടനം സംബന്ധിച്ച വിഷയത്തില്‍ പരസ്യസംവാദത്തിനായുള്ള തന്റെ വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തതില്‍ സന്തോഷമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നാളെ തന്നെ സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥലവും സമയവും അറിയിച്ചാല്‍ മതിയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
'മുഖ്യമന്ത്രി വെല്ലുവിളി ഏറ്റെടുത്തതില്‍ സന്തോഷം. മുഖ്യമന്ത്രിക്ക് നാളെ സൗകര്യമില്ലെങ്കില്‍ സൗകര്യപ്പെടുന്ന ദിവസം ഞാന്‍ തയ്യാറാണ്. കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുഖ്യമന്ത്രി. കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് യുഡിഎഫിന്റെ പോരാട്ടം. മുഖ്യമന്ത്രി വിശദാംശവുമായി വരട്ടെ. മുഖ്യമന്ത്രിയുടെ എംപിമാര്‍ പാര്‍ലമെന്റില്‍ എന്ത് പറഞ്ഞു എന്നുകൂടി പറയണം', കെ സി വേണുഗോപാല്‍ പ്രതികരിച്ചു.
കേരളത്തിലെ വികസന വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുന്നതില്‍ യുഡിഎഫ് എംപിമാര്‍ പരാജയപ്പെട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് രാഷ്ട്രീയ വാക്‌പോരിന് തുടക്കമിട്ടത്. ഇതിന് മറുപടിയായി കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയെ പരസ്യസംവാദത്തിന് വെല്ലുവിളിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പരസ്യസംവാദത്തിനുള്ള വെല്ലുവിളി മുഖ്യമന്ത്രി ഏറ്റെടുത്തു. സംവാദത്തിന് തയ്യാറാണെന്നും സമയവും തീയതിയും അറിയിച്ചാല്‍ മതിയെന്നുമായിരുന്നു മുഖ്യമന്ത്രി കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞത്.
പി എം ശ്രീ കരാറില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഇടനിലക്കാരനായെന്ന കേന്ദ്രമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ ജോണ്‍ ബ്രിട്ടാസിനെ ന്യായീകരിക്കുകയും യുഡിഎഫ് എംപിമാരുടെ പാര്‍ലമെന്റിലെ പ്രവര്‍ത്തനത്തെ വിമര്‍ശിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയോടുള്ള പ്രതികരമായിട്ടായിരുന്നു കെ സി വേണുഗോപാലിന്റെ വെല്ലുവിളി.
Content Highlights: K C Venugopal Reply to CM Pinarayi vijayan over challenge accepting