

പാലക്കാട്: കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാത്ത നടപടികളാണ് കോണ്‍ഗ്രസ് രാഹുലിനെതിരായി സ്വീകരിച്ചതെന്ന് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. പരാതി വരും മുമ്പ് തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതാണ്. ഇങ്ങനെ ഒരു നടപടി മറ്റേത് പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
സിപിഐഎമ്മിന്റെ എത്ര എംഎല്‍എമാര്‍ക്കെതിരെ കേസുണ്ട്?. തീവ്രത അളക്കുകയാണ് സിപിഐഎം ചെയ്തത്. കോണ്‍ഗ്രസിന് ആരെയും സംരക്ഷിക്കേണ്ട കാര്യമില്ല. തെറ്റ് ചെയ്ത ആരെയും സംരക്ഷിക്കില്ല. നടപടി എടുത്തത് അതുകൊണ്ടാണ്. എല്ലാം പാര്‍ട്ടി പരിശോധിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
മുന്‍കൂര്‍ജാമ്യാപേക്ഷയില്‍ കോടതി എന്താണ് പറയുന്നത് എന്ന് നോക്കട്ടെ. അതിന് ശേഷം കെപിസിസി പ്രസിഡന്റ് എല്ലാവരുമായും കൂടിയാലോചിച്ച് തീരുമാനം പറയുമെന്നും ചെന്നിത്തല പറഞ്ഞു. ഫെന്നി ആരാണെന്ന് തനിക്കറിയില്ല. പത്ത് ഇരുപതിനായിരം പേര് മത്സരിക്കുന്നുണ്ട് ഇതൊക്കെ ആരാണെന്ന് എങ്ങനെ അറിയുമെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പുറത്താക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും രമേശ് ചെന്നിത്തലയും രാഹുലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കണമെന്ന നിലപാട് ശക്തമാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. പാർട്ടിക്കുള്ളില്‍ രാഹുലിനെതിരെ അതൃപ്തി പുകയുകയാണ്.
Content Highlights: ramesh chennithala about rahul mamkootathil issue