

തിരുവനന്തപുരം: പരാതിക്കാരിയുമായി രാഹുൽ മാങ്കൂട്ടത്തിൽ അടുപ്പം സ്ഥാപിച്ചത് വ്യക്തിപരമായ പ്രശ്‌നപരിഹാരം വഴിയെന്ന് പൊലീസ് റിപ്പോർട്ട്. അതിജീവിതയുടെ പാലക്കാടുള്ള വ്യക്തിപരമായ വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇടപെട്ടു. ഇത് പരിഹരിക്കാൻ രാഹുൽ മുൻകൈയെടുത്തതോടെയാണ് ഇരുവരും അടുക്കുന്നത്. ഈ അടുപ്പം രാഹുൽ മുതലെടുത്തുവെന്ന് റിപ്പോർട്ടിൽ പൊലീസ് പറയുന്നു.
രാഹുൽ യുവതിയെ പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേക്ക് അതിജീവിതയെ നിർബന്ധിച്ച് കൊണ്ടുപോയി. ഗർഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നതാണെന്നും റിപ്പോർട്ടിലുണ്ട്.
കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചതിനും നഗ്‌നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും ബലാത്സംഗം നടന്നുവെന്നതിനും ശക്തമായ തെളിവുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ അടച്ചിട്ട മുറിയിൽ വാദം തുടരുകയാണ്. രാഹുലിന്റെ അഭിഭാഷകൻ യുവതിക്കെതിരായ തെളിവുകൾ കോടതിക്ക് മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. വീഡിയോകളും ചില ശബ്ദരേഖകളും കോടതി പരിശോധിക്കുന്നുണ്ട്. രാഹുൽ സമർപ്പിച്ച രേഖകളാണ് കോടതി പരിശോധിക്കുന്നത്. യുവതിയുമായുള്ളത് ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്നാണ് രാഹുലിന്റെ അഭിഭാഷകന്റെ വാദം. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗർഭച്ഛിദ്രത്തിന് മരുന്ന് കഴിച്ചതെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. എന്നാൽ ഗർഭച്ഛിദ്രത്തിന് പ്രേരണയുണ്ടായെന്നും ഇതിന് തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ തിരിച്ചടിച്ചു.
Content Highlights: Rahul Mamkootathil established relationship with woman through a personal problem-solving