

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണിൽ നടന്ന ടെസ്റ്റ് പരമ്പര ഇന്ത്യ വൈറ്റ് വാഷ് പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോച്ച് ഗൗതം ഗംഭീർ സമ്മർദ്ദത്തിലാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇന്ത്യൻ മണ്ണിൽ രണ്ട് ടെസ്റ്റ് പരമ്പരകളിൽ സമ്പൂർണ തോൽവി വഴങ്ങിയതിന് പിന്നാലെ ഗംഭീറിനെതിരെ ശക്തമായ വിമർശനവും ഉയരുന്നുണ്ട്. ഇതിന് പിന്നാലെ ഇന്ത്യയുടെ സീനിയർ താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ എന്നിവരുമായുള്ള ഗംഭീറിന്റെ ഭിന്നതകളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.
ഈ സാഹചര്യത്തിൽ കോച്ച് ഗംഭീറിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുൻ പരിശീലകനും താരവുമായിരുന്ന രവി ശാസ്ത്രി. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിൽ ഗംഭീറിനെ പുറത്താക്കാൻ സാധ്യതയുണ്ടെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം. ഈ സാഹചര്യത്തിൽ ശാന്തതയോടും ക്ഷമയോടും കൂടി ഈ വിഷയം കൈകാര്യം ചെയ്യണമെന്ന് ശാസ്ത്രി ഗംഭീറിനോട് ആവശ്യപ്പെടുകയും ചെയ്തു.
നിങ്ങളുടെ പ്രകടനം മോശമായാല്‍ നിങ്ങളെ പരിശീലക സ്ഥാനത്തു നിന്ന് പുറത്താക്കുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ ക്ഷമയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാണ് നിങ്ങള്‍ ശ്രമിക്കേണ്ടത്. കളിക്കാരുമായുള്ള ആശയവിനിമയവും കളിക്കാരെ കൈകാര്യം ചെയ്യാനുള്ള കഴിവും ഇവിടെ പ്രധാനമാണ്. എന്നാൽ മാത്രമേ നിങ്ങൾക്ക് കളിക്കാരെ വിജയിക്കാനായി പ്രചോദിപ്പിക്കാൻ കഴിയൂ. ഞങ്ങളുടെ കാലത്ത് അതാണ് ഞങ്ങൾ ചെയ്തിരുന്നത്. ഏറ്റവും പ്രധാനപ്പെട്ട കാര്യം നിങ്ങൾ ചെയ്യുന്നതെന്തും ആസ്വദിച്ച് ചെയ്യുക എന്നതാണ്. ഒരിക്കലും അതിനെ സമ്മർദ്ദമായി കാണരുത്", ശാസ്ത്രി കൂട്ടിച്ചേർത്തു.
ഗൗതം ഗംഭീര്‍ പരിശീലകനായി എത്തിയതിന് ശേഷം നടന്ന അഞ്ച് ടെസ്റ്റ് സീരീസുകളില്‍ ഒന്നില്‍ മാത്രമാണ് ഇന്ത്യ വിജയിച്ചത്. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളോട് സീരീസ് പരാജയപ്പെട്ടപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരെ മാത്രമാണ് ഇന്ത്യയ്ക്ക് വിജയിക്കാനായത്. ഇതിനിടെ ചാമ്പ്യൻസ് ട്രോഫിയിലും ഏഷ്യാ കപ്പിലും കിരീടം നേടിയെങ്കിലും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര കൈവിട്ടതും ഗംഭീറിന് തിരിച്ചടിയായിരുന്നു.
Content Highlights: "You Could Be Fired": Ravi Shastri's Clear Warning To Gautam Gambhir