നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധം: രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍

മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും പ്രതിഭാഗം വാദിച്ചു

നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗിക ബന്ധം: രാഹുലിന്റെ അഭിഭാഷകന്‍ കോടതിയില്‍
dot image

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ യുവതിയുമായി നടന്നത് ഉഭയസമ്മത പ്രകാരമുളള ലൈംഗികബന്ധമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോടതിയില്‍. മറ്റാരുടെയും പ്രേരണയില്ലാതെയാണ് യുവതി ഗര്‍ഭചിദ്രത്തിനുളള മരുന്ന് കഴിച്ചതെന്നും ബലാത്സംഗം നടന്ന കാലയളവില്‍ പൊലീസുമായും വനിതാ സെല്ലുമായും വനിതാ വിങ്ങുമായും അതിജീവിതയ്ക്ക് ബന്ധമുണ്ടായിരുന്നെന്നും രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചു. ഗാര്‍ഹിക പീഡനത്തിന് പരാതി കൊടുത്തപ്പോള്‍ പൊലീസുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു എന്നും പീഡനം നടന്നിട്ടുണ്ടെങ്കില്‍ അന്ന് പരാതി കൊടുക്കാമായിരുന്നു എന്നും പ്രതിഭാഗം വാദിച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷനും വാദങ്ങള്‍ നിരത്തി. രാഹുല്‍ അതിജീവിതയായ യുവതിയെ ഗര്‍ഭിണി ആയിരിക്കെ ഉപദ്രവിച്ചുവെന്നും തെളിവുകള്‍ ഉണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ വാദം. കുടുംബപ്രശ്‌നങ്ങള്‍ രാഹുല്‍ മുതലെടുത്തുവെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്. രാഹുൽ ഈ ഘട്ടത്തിൽ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കാൻ ഇടയുണ്ടെന്നും കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും പ്രോസിക്യൂഷൻ വാദിച്ചു.

അതിജീവിതയുടെ വ്യക്തിപരമായ വിഷയത്തില്‍ ഇടപെട്ടാണ് രാഹുല്‍ അടുപ്പം സ്ഥാപിച്ചതെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതിജീവിതയുടെ പ്രശ്‌നം പരിഹരിക്കാന്‍ രാഹുല്‍ മുന്‍കൈ എടുത്തെന്നും ഈ അടുപ്പം രാഹുല്‍ മുതലെടുത്തുവെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പലതവണ ലൈംഗികമായി ഉപദ്രവിച്ചു. പാലക്കാട്ടേത്ത് അതിജീവിതയെ നിര്‍ബന്ധിച്ച് കൊണ്ടുപോയി. ഗര്‍ഭിണിയായിരിക്കെ ഉപദ്രവിച്ചതിന് തെളിവുണ്ട്. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മൊഴി ഇത് സാധൂകരിക്കുന്നു. ക്രൂരമായ ദേഹോപദ്രവം ഏല്‍പ്പിച്ചതിനും നഗ്നചിത്രം എടുത്ത് ഭീഷണിപ്പെടുത്തിയതിനും തെളിവുണ്ട് എന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അടച്ചിട്ട മുറിയില്‍ വാദം തുടരുകയാണ്.

Content Highlights: It was consensual sexual intercourse: Rahul's lawyer tells court

dot image
To advertise here,contact us
dot image