രാഹുൽ മുങ്ങിയ ദിവസത്തെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ, കെയർടേക്കറെ ചോദ്യം ചെയ്യാൻ എസ്ഐടി

രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്

രാഹുൽ മുങ്ങിയ ദിവസത്തെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ, കെയർടേക്കറെ ചോദ്യം ചെയ്യാൻ എസ്ഐടി
dot image

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഫ്‌ളാറ്റിലെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്ത നിലയിൽ. യുവതി ലൈംഗിക പീഡന പരാതി നൽകിയതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ മുങ്ങിയ കഴിഞ്ഞ വ്യാഴാഴ്ചത്തെ ദൃശ്യങ്ങളാണ് സിസിടിവിയിൽ നിന്നും ഡിലീറ്റ് ചെയ്തിരിക്കുന്നത്. ഡിവിആർ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. അപ്പാർട്ട്‌മെന്റ് കെയർ ടേക്കറെ സ്വാധീനിച്ച് ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്‌തെന്നാണ് എസ്‌ഐടിയുടെ സംശയം. ഇക്കാര്യം വിശദമായി പരിശോധിക്കാൻ കെയർടേക്കറെ എസ്‌ഐടി ഇന്ന് ചോദ്യം ചെയ്യും.

രാഹുലിന്റെ ഫ്‌ളാറ്റിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ എസ്‌ഐടി പരിശോധിക്കുന്നുണ്ട്. ഒളിവിൽ കഴിയുന്ന രാഹുലിന്റെ ഫോൺ കണ്ടെത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി. രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫോണുകൾ പാലക്കാട് ടവർ ലൊക്കേഷൻ കാണിച്ചിരുന്നു. ഇവ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

അതേസമയം ഇന്നലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ കുന്നത്തൂർ മേട്ടിലുള്ള ഫ്‌ളാറ്റിലെത്തി എസ്‌ഐടി സംഘം വിശദമായ പരിശോധന നടത്തിയിരുന്നു. പാലക്കാട്ടെ ഫ്‌ളാറ്റിലെത്തിച്ച് രാഹുൽ പീഡിപ്പിച്ചുവെന്ന് പരാതിക്കാരി നൽകിയ മൊഴിയിലുണ്ട്. പരാതിക്കാരിയായ യുവതി ഫ്‌ളാറ്റിലെത്തിയ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കുവേണ്ടി സെക്യൂരിറ്റി റൂമിലെത്തി പൊലീസ് പരിശോധന നടത്തിയെങ്കിലും ഈ ദൃശ്യങ്ങൾ ലഭിച്ചിച്ചിരുന്നില്ല. യുവതി പറയുന്ന കാലയളവിലെ ദൃശ്യങ്ങൾ ഇവിടെ ലഭ്യമല്ല. അത്രയും കാലം മുൻപത്തെ ദൃശ്യം ഡിവിആറിൽ സൂക്ഷിക്കാൻ കഴിയില്ല എന്നതിനാലാണിത്. എന്നാൽ അവ വീണ്ടെടുക്കാനുള്ള ശ്രമം തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

രാഹുലിനെ കണ്ടെത്താൻ കൂടുതല്‍ സംഘം രൂപീകരിക്കും. എല്ലാ ജില്ലകളിലും സംഘങ്ങള്‍ രൂപീകരിക്കാന്‍ എഡിജിപി കര്‍ശന നിര്‍ദേശം നല്‍കി. ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിലാകണം സംഘങ്ങള്‍. സംശയമുളളവരെ ചോദ്യം ചെയ്യാം. സംശയമുളള സ്ഥലങ്ങളില്‍ പരിശോധന നടത്താമെന്നും എഡിജിപിയുടെ നിര്‍ദേശം. ബുധനാഴ്ച്ചയ്ക്ക് മുന്‍പ് അറസ്റ്റുണ്ടാകണമെന്നാണ് നിര്‍ദേശം.

അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുകയാണ്. പകുതിയോളം ശബ്ദരേഖകളുടെ പരിശോധന പൂര്‍ത്തിയായി. പരിശോധിച്ച ശബ്ദരേഖകള്‍ രാഹുലിന്റെയും അതിജീവിതയുടെയും തന്നെയാണെന്ന് വ്യക്തമായി. പ്രാഥമിക പരിശോധനയിലാണ് കണ്ടെത്തല്‍. ശബ്ദരേഖയില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഡബ്ബിംഗ്, എഐ സാധ്യതകള്‍ എസ്‌ഐടി പൂര്‍ണമായും തളളി. ബാക്കിയുളള ശബ്ദരേഖകളുടെ പരിശോധന ഉടന്‍ പൂര്‍ത്തിയാക്കും. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് പരിശോധന നടക്കുന്നത്.

Content Highlights: Rahul Mamkootathil MLA's flat footage has been deleted

dot image
To advertise here,contact us
dot image