

ഭൗതിക ശാസ്ത്രത്തിലെ ഗവേഷണത്തിന് വിദേശ സർവകലാശാലയിൽ നിന്നും പത്ത് ലക്ഷം രൂപ ഗ്രാന്റ് നേടിയെന്ന വാർത്തയെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ് ഹേബൽ അൻവർ എന്ന പതിമൂന്നുകാരൻ. ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ മെർക്കാറ്റസ് സെന്ററിൽ (Mercatus Center) 'റിസർച്ച് സ്കോളർ' ആണെന്നും, ഗ്രാവിറ്റേഷണൽ ഫിസിക്സിൽ വൈറ്റ് ഹോളിനെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന് ഏകദേശം 9.41 ലക്ഷം രൂപയുടെ (10,700 ഡോളർ) ഗ്രാന്റ് ലഭിച്ചു എന്ന നിലയിലാണ് ഹേബലിൻ്റെ നേട്ടങ്ങൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുന്നത്. സ്‌കൂളിൽ പോകാതെ തന്നെ വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടങ്ങൾ കരസ്ഥമാക്കിയ അത്ഭുതബാലൻ എന്ന തരത്തിലാണ് ഹേബലിൻ്റെ നേട്ടം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കപ്പെടുന്നത്. നിരവധി മതസംഘടനങ്ങളും ഹേബൽ അൻവർ എന്ന വിദ്യാർത്ഥിയെയയും അദ്ദേഹം കരസ്ഥമാക്കിയതായി പറയപ്പെടുന്ന നേട്ടത്തെയും ആഘോഷിച്ച് രംഗത്ത് വന്നിരുന്നു.
എന്നാൽ ഇപ്പോൾ ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ മെർക്കാറ്റസ് സെന്ററിൽ (Mercatus Center) 'റിസർച്ച് സ്കോളർ' ആണെന്ന ഹേബലിൻ്റെ വാദങ്ങളെ അടക്കം ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് അക്കാഡമിസ്റ്റും ഡിജിറ്റൽ ക്രിയേറ്ററുമായ ആഷിഷ് ജോസ് അമ്പാട്ട്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ആഷിഷ് ഹോബലിൻ്റെ വാദങ്ങളെ ഖണ്ഡിച്ചിരിക്കുന്നത്. യുക്തിഭദ്രമായ വിവേചനബുദ്ധിയോടെ ഈ അവകാശവാദങ്ങളെ ഒന്ന് പരിശോധിച്ചാൽ, ഏറ്റവും മാന്യമായ ഭാഷയിൽ പറഞ്ഞാൽ ഇവയെല്ലാം വസ്തുതാവിരുദ്ധമാണെന്ന് ബോധ്യപ്പെടുമെന്നും അഷിഷ് വ്യക്തമാക്കിയിട്ടുണ്ട്.
അക്കാദമിക് ഫെലോഷിപ്പ് ലഭിച്ചു എന്നത് സാങ്കേതികമായി നിലനിൽക്കുന്ന വാദമല്ലെന്നാണ് ആഷിഷ് ചൂണ്ടിക്കാണിക്കുന്നത്. 'ആദ്യമായി 'റിസർച്ച് സ്കോളർ' എന്ന പദവി പരിശോധിക്കാം. ഇതൊരു സർവ്വകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ കൃത്യമായ അക്കാദമിക് യോഗ്യതകളോടെ ലഭിക്കുന്ന ഒരു പൊസിഷനാണ്. Mercatus Center-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ "in house scholars"കളുടെയും "affiliated scholars"കളുടെയും വിവരങ്ങൾ ലഭ്യമാണ്. അവിടെയൊന്നും ഹേബൽ അൻവർ എന്ന പേര് പരാമർശിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, മെർക്കാറ്റസ് സെന്റർ എന്നത് പ്രധാനമായും സാമ്പത്തിക ശാസ്ത്ര (Economics) ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ഒരു സ്ഥാപനമാണ്. ഭൗതികശാസ്ത്രത്തിലോ (Physics) അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്തുന്ന ഒരു സ്ഥാപനമല്ല അത്. അവർ നൽകുന്ന ഫെലോഷിപ്പുകൾ പ്രധാനമായും "students studying political economy at Mason and universities around the world" എന്ന വിഭാഗത്തിൽ പെടുന്ന, യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്നവർക്കുള്ളതാണ്. പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് നൽകുന്ന ആദം സ്മിത്ത് ഫെലോഷിപ്പ് പോലുള്ളവയും സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലാണ്. അവിടെ പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് ഭൗതിക ശാസ്ത്രത്തിൽ അക്കാദമിക് ഫെലോഷിപ്പ് ലഭിച്ചു എന്നത് സാങ്കേതികമായി നിലനിൽക്കുന്ന വാദമല്ല' എന്നാണ് ആഷിഷ് എഫ്ബി പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

'ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ Tyler Cowen-നും Alex Tabarrok-ഉം ചേർന്ന് നടത്തുന്ന "Marginal Revolution" എന്ന ബ്ലോഗിൽ "Emergent Ventures India, 13th cohort" എന്ന ലിസ്റ്റിൽ ഹേബലിന്റെ പേരുണ്ട് എന്നും ആഷിഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള പരീക്ഷയായ ഫിസിക്സ് ഒളിമ്പ്യാഡിന് തയ്യാറെടുക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും സെൽഫ് സ്റ്റഡിക്കും നൽകുന്ന ഒരു പ്രോത്സാഹന സഹായം ആണിത്. നൂറിൽ അധികം ടീനെജ് ഇന്ത്യൻ കുട്ടികൾക്ക് ഈ ഗ്രാന്റ് നൽകിയിട്ടുള്ളത് ആയി ലിസ്റ്റിൽ കാണാമെന്നും. ഗ്രാന്റ് തുക കൃത്യം പത്ത് ലക്ഷം രൂപയാണെന്നു അവിടെയില്ലായെന്നും' ആഷിഷ് പോസ്റ്റിൽ പറയുന്നു.
മെർക്കാറ്റസ് സെന്ററിന് കീഴിൽ ഇന്ത്യ, ആഫ്രിക്ക, കരീബിയൻ, ഉക്രൈൻ എന്നിവിടങ്ങളിലെ പ്രോജക്റ്റുകൾക്ക് പ്രത്യേക പിന്തുണ നൽകിക്കൊണ്ട് 2018-ൽ ആരംഭിച്ച പദ്ധതിയാണ് "Emergent Ventures" എന്നും ആഷിഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സമൂഹത്തിന് ഗുണകരമായേക്കാവുന്ന, "zero to one" ആശയങ്ങളുള്ള സംരംഭകർക്കും മിടുക്കരായ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും നൽകുന്ന ഒരു "low-overhead" fellowship and grant program ആണിതെന്നും പോസ്റ്റിൽ പറയുന്നു.
ഹേബൽ സ്വയം കമ്പ്യൂട്ടർ നിർമ്മിച്ചു എന്ന അവകാശവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആഷിഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'കുട്ടികൾക്ക് തെറ്റുകൾ പറ്റാം, അത് തിരുത്തിക്കൊടുക്കാനും നേരായ വഴിക്ക് നയിക്കാനും മുതിർന്നവർക്ക് ഉത്തരവാദിത്തമുണ്ടെന്നും ആഷിഷ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഈ തെറ്റായ അവകാശവാദങ്ങൾ ആ കുട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സത്യസന്ധമായ പഠനത്തിലൂടെ ഫിസിക്സ് ഒളിമ്പ്യാഡ് പോലുള്ള യഥാർത്ഥ ലക്ഷ്യങ്ങളിലേക്ക് എത്താൻ ഹേബലിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം' എന്ന് പറഞ്ഞാണ് ആഷിഷ് പോസറ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
ഹേബൽ അൻവർ: പ്രചരിക്കുന്ന അവകാശവാദങ്ങളും യാഥാർത്ഥ്യവും - ഒരു അന്വേഷണം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിലും വാർത്താമാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്ന പേരാണ് പതിമൂന്നുകാരനായ ഹേബൽ അൻവർ. ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ മെർക്കാറ്റസ് സെന്ററിൽ (Mercatus Center) 'റിസർച്ച് സ്കോളർ' ആണെന്നും, ഗ്രാവിറ്റേഷണൽ ഫിസിക്സിൽ വൈറ്റ് ഹോളിനെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിന് ഏകദേശം 9.41 ലക്ഷം രൂപയുടെ (10,700 ഡോളർ) ഗ്രാന്റ് ലഭിച്ചു എന്നുമുള്ള അവകാശവാദങ്ങളാണ് ഹേബൽ അൻവർ സ്വയം ഉന്നയിച്ചതും പിന്നീട് വാർത്തകളിൽ നിറഞ്ഞതും. എന്നാൽ യുക്തിഭദ്രമായ വിവേചനബുദ്ധിയോടെ ഈ അവകാശവാദങ്ങളെ ഒന്ന് പരിശോധിച്ചാൽ, ഏറ്റവും മാന്യമായ ഭാഷയിൽ പറഞ്ഞാൽ ഇവയെല്ലാം വസ്തുതാവിരുദ്ധമാണെന്ന് ബോധ്യപ്പെടും.
ആദ്യമായി 'റിസർച്ച് സ്കോളർ' എന്ന പദവി പരിശോധിക്കാം. ഇതൊരു സർവ്വകലാശാലയിലോ ഗവേഷണ സ്ഥാപനത്തിലോ കൃത്യമായ അക്കാദമിക് യോഗ്യതകളോടെ ലഭിക്കുന്ന ഒരു പൊസിഷനാണ്. Mercatus Center-ന്റെ ഔദ്യോഗിക വെബ്സൈറ്റിൽ അവരുടെ "in house scholars"കളുടെയും "affiliated scholars"കളുടെയും വിവരങ്ങൾ ലഭ്യമാണ്. അവിടെയൊന്നും ഹേബൽ അൻവർ എന്ന പേര് പരാമർശിക്കപ്പെട്ടിട്ടില്ല എന്നതാണ് വാസ്തവം. മാത്രമല്ല, മെർക്കാറ്റസ് സെന്റർ എന്നത് പ്രധാനമായും സാമ്പത്തിക ശാസ്ത്ര (Economics) ഗവേഷണങ്ങളുമായി ബന്ധപ്പെട്ട ഒരു സ്ഥാപനമാണ്. ഭൗതികശാസ്ത്രത്തിലോ (Physics) അനുബന്ധ വിഷയങ്ങളിലോ ഗവേഷണം നടത്തുന്ന ഒരു സ്ഥാപനമല്ല അത്. അവർ നൽകുന്ന ഫെലോഷിപ്പുകൾ പ്രധാനമായും "students studying political economy at Mason and universities around the world" എന്ന വിഭാഗത്തിൽ പെടുന്ന, യൂണിവേഴ്സിറ്റി തലത്തിൽ പഠിക്കുന്നവർക്കുള്ളതാണ്. പിഎച്ച്ഡി വിദ്യാർത്ഥികൾക്ക് നൽകുന്ന ആദം സ്മിത്ത് ഫെലോഷിപ്പ് പോലുള്ളവയും സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം തുടങ്ങിയ മേഖലകളിലാണ്. അവിടെ പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിക്ക് ഭൗതിക ശാസ്ത്രത്തിൽ അക്കാദമിക് ഫെലോഷിപ്പ് ലഭിച്ചു എന്നത് സാങ്കേതികമായി നിലനിൽക്കുന്ന വാദമല്ല.
പിന്നെ എവിടെ നിന്നാണ് ഈ വാർത്തകളുടെ ഉറവിടം? കീവേർഡ്‌സ് വെച്ച് ഗൂഗിളിൽ പരിശോധിച്ചതിൽ നിന്നും ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർമാരായ Tyler Cowen-നും Alex Tabarrok-ഉം ചേർന്ന് നടത്തുന്ന "Marginal Revolution" എന്ന ബ്ലോഗിൽ നിന്നാണ് ഇതിന്റെ ചുരുളഴിയുന്നത്. അവിടെ "Emergent Ventures India, 13th cohort" എന്ന ലിസ്റ്റിൽ ഹേബലിന്റെ പേരുണ്ട്.
എന്നാൽ അത് വൈറ്റ് ഹോളിനെ കുറിച്ചോ മറ്റ് ഏതെങ്കിലും ഭൗതികശാസ്ത്ര പഠനത്തിനോ അല്ല നൽകിയിരിക്കുന്നത്. ആ വരികൾ കൃത്യമായി ഇങ്ങനെയാണ്: "Habel Anwar, 13, middle-schooler in Kerala, for furthering his physics Olympiad preparation, and working on advancing his physics knowledge and research."
അതായത്, സ്കൂൾ കുട്ടികൾക്കുള്ള പരീക്ഷയായ ഫിസിക്സ് ഒളിമ്പ്യാഡിന് തയ്യാറെടുക്കുന്നതിനും പുസ്തകങ്ങൾ വാങ്ങുന്നതിനും സെൽഫ് സ്റ്റഡിക്കും നൽകുന്ന ഒരു പ്രോത്സാഹന സഹായം ആണിത്. നൂറിൽ അധികം ടീനെജ് ഇന്ത്യൻ കുട്ടികൾക്ക് ഈ ഗ്രാന്റ് നൽകിയിട്ടുള്ളത് ആയി ലിസ്റ്റിൽ കാണാം. ഗ്രാന്റ് തുക കൃത്യം പത്ത് ലക്ഷം രൂപയാണെന്നു അവിടെയില്ലായെന്നും സാന്ദർഭികമായി സൂചിപ്പിക്കട്ടെ.
മെർക്കാറ്റസ് സെന്ററിന് കീഴിൽ ഇന്ത്യ, ആഫ്രിക്ക, കരീബിയൻ, ഉക്രൈൻ എന്നിവിടങ്ങളിലെ പ്രോജക്റ്റുകൾക്ക് പ്രത്യേക പിന്തുണ നൽകിക്കൊണ്ട് 2018-ൽ ആരംഭിച്ച പദ്ധതിയാണ് "Emergent Ventures" എന്നാണ്. സമൂഹത്തിന് ഗുണകരമായേക്കാവുന്ന, "zero to one" ആശയങ്ങളുള്ള സംരംഭകർക്കും മിടുക്കരായ വിദ്യാർത്ഥികൾക്കും വ്യക്തികൾക്കും നൽകുന്ന ഒരു "low-overhead" fellowship and grant program ആണിത്.
അൽ-ഹറമൈൻ ഇംഗ്ലീഷ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു, നിലവിൽ ഇപ്പോൾ ഹോം സ്കൂളിംഗ് വഴിയാണ് പഠനം തുടരുന്നതെന്നും കാര്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഏതായാലും, ഭൗതികശാസ്ത്രത്തിൽ താല്പര്യമുള്ള, ഹോം സ്കൂളിംഗ് ചെയ്യുന്ന ഒരു വിദ്യാർത്ഥി എന്ന പരിഗണനയാവാം ഒരുപക്ഷേ ഈ പഠന സഹായ ഗ്രാന്റ് (Study Grant) ലഭിക്കാൻ ആ കുട്ടിയെ സഹായിച്ചത്.
ഇതിലെ മറ്റൊരു വൈരുദ്ധ്യം ഗൈഡിനെക്കുറിച്ചുള്ള പരാമർശമാണ്. Emergent Ventures-ന്റെ ഇന്ത്യയിലെ വിഭാഗം കൈകാര്യം ചെയ്യുന്നത് ശ്രുതി രാജഗോപാലൻ എന്ന ഫെല്ലോ ആണ്. തന്റെ ഗവേഷണ പ്രബന്ധത്തിന്റെ ഗൈഡ് ഈ വ്യക്തിയാണെന്നാണ് ഹേബൽ അവകാശപ്പെട്ടത്. ഹേബലിന്റെ തന്നെ വാക്കുകളിൽ: "I recently received a scholarship from the Mercatus Center at George Mason University (Washington D.C., USA) for my research paper on theoretical entities called 'white holes.' This opportunity was guided by Dr. Shruti Rajagopalan." ഒരു സാമ്പത്തിക ഗവേഷക ആയ ശ്രുതി രാജഗോപാലൻ എങ്ങനെയാണ് ഗ്രാവിറ്റേഷണൽ ഫിസിക്സിലെയും വൈറ്റ് ഹോളിലെയും ഒരു പേപ്പറിന് ഗൈഡ് ആവുക എന്നത് സാമാന്യ യുക്തിക്ക് നിരക്കാത്ത കാര്യമാണ്. ചുരുക്കത്തിൽ, പഠനസഹായമായി ലഭിച്ച തുകയെയാണ് 'വൈറ്റ് ഹോൾ ഗവേഷണത്തിന് ലഭിച്ച ഗ്രാന്റ്' ആയി തെറ്റിദ്ധരിപ്പിക്കുന്നത്
ഇനി ഹേബൽ ഉപയോഗിക്കുന്ന ശാസ്ത്രീയ പദങ്ങളെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. പലപ്പോഴും AI ഹാലൂസിനേഷനുകൾക്ക് സമാനമായ വാക്കുകളാണ് കേൾക്കുന്നത്. ഉദാഹരണത്തിന്, "Superbosonic string theory" എന്നൊരു തിയറി നിലവിലില്ല. ഭൗതികശാസ്ത്രത്തിൽ Bosonic string theory-യും പിന്നീട് അതിന്റെ പോരായ്മകൾ പരിഹരിച്ചു വന്ന Superstring theory-യും ഉണ്ട്. ഇത് രണ്ടും കൂടി കൂട്ടിക്കുഴച്ചുള്ള പ്രയോഗങ്ങൾ വിഷയത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിലെ പിശകാണ് കാണിക്കുന്നത്.
അതുപോലെ തന്നെ 'സ്വയം കമ്പ്യൂട്ടർ നിർമ്മിച്ചു' എന്ന അവകാശവാദവും തെറ്റിദ്ധരിപ്പിക്കുന്നതാണ്. കമ്പ്യൂട്ടർ കടകളിൽ നിന്ന് ലഭിക്കുന്ന പാർട്സുകൾ വാങ്ങി കസ്റ്റം സ്പെസിഫിക്കേഷനിൽ അസംബിൾ ചെയ്യുക എന്നത് ലോകത്തെമ്പാടുമുള്ള ടെക്നോളജി അല്ലായെങ്കിൽ ഗെമിംഗ് താൽപ്പര്യമുള്ള ടീനേജുകാർ ചെയ്യുന്ന സാധാരണ കാര്യം മാത്രമാണ്. ഇവിടെ യഥാർത്ഥത്തിൽ സംഭവിച്ചത്, കുട്ടിയുടെ തന്നെ വാക്കുകളിൽ തനിക്ക് വേണ്ട സ്പെസിഫിക്കേഷൻസ് കടയിൽ പറയുകയും അവർ അത് അസംബിൾ ചെയ്ത് നൽകുകയുമാണ് ചെയ്തത്. അതൊരു സാങ്കേതിക കണ്ടുപിടുത്തമായി അവതരിപ്പിക്കുന്നത് ശരിയല്ല.
ഹേബൽ അൻവർ മിടുക്കനായ ഒരു കുട്ടിയാകാം. സയൻസിക വിഷയങ്ങളിൽ ഉള്ള താല്പര്യവും അഭിനന്ദനാർഹവുമാണ്. എന്നാൽ പ്രധാനമായും രണ്ടു കാര്യങ്ങളിൽ ഹേബൽ പറഞ്ഞത് കളവാണെന്ന് തെളിവുകൾ സൂചിപ്പിക്കുന്നു:
ഒന്ന്, Mercatus Center of George Mason University-യുടെ റിസർച്ച് സ്കോളർ ആണെന്ന വാദം തെറ്റാണ്; അദ്ദേഹം അവിടെ നേരിട്ടോ അല്ലാതെയോ അഫിലിയേറ്റഡ് ആയ ഒരു സ്കോളർ അല്ല.
രണ്ട്, ജോർജ്ജ് മേസൺ യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാവിറ്റേഷണൽ ഫിസിക്സിൽ വൈറ്റ് ഹോളിനെപ്പറ്റിയുള്ള പേപ്പർ പബ്ലിഷ് ചെയ്തതിന് 10 ലക്ഷം രൂപ ഗ്രാന്റ് ലഭിച്ചിട്ടില്ല. ലഭിച്ചത് ഫിസിക്സ് ഒളിമ്പ്യാഡ് പഠനത്തിനുള്ള സഹായം മാത്രമാണ്.
കുട്ടികൾക്ക് തെറ്റുകൾ പറ്റാം, അത് തിരുത്തിക്കൊടുക്കാനും നേരായ വഴിക്ക് നയിക്കാനും മുതിർന്നവർക്ക് ഉത്തരവാദിത്തമുണ്ട്. ഈ തെറ്റായ അവകാശവാദങ്ങൾ ആ കുട്ടി തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു. സത്യസന്ധമായ പഠനത്തിലൂടെ ഫിസിക്സ് ഒളിമ്പ്യാഡ് പോലുള്ള യഥാർത്ഥ ലക്ഷ്യങ്ങളിലേക്ക് എത്താൻ ഹേബലിന് കഴിയട്ടെ എന്ന് നമുക്ക് ആശംസിക്കാം.
Content Highlights: The claim that Hebelin received an academic fellowship in physics is technically untenable Ashish