

തിരുവനന്തപുരം: യുവതിയുടെ പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്തു. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, അശാസ്ത്രീയമായി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തിരുവനന്തപുരം വലിയമല പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയത്. ഇന്നലെ വിശദമായി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
കേസ് നേമം പൊലീസിന് കൈമാറും. ഡിജിറ്റല്‍ തെളിവുകള്‍ക്ക് പുറമെ താന്‍ പലഘട്ടങ്ങളിലായി വൈദ്യസഹായം തേടിയ മെഡിക്കല്‍ രേഖകളും പെണ്‍കുട്ടി പൊലീസിന് കൈമാറിയിരുന്നു. പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി പൊലീസ് ഉടൻ അപേക്ഷ നൽകും. തിരുവനന്തപുരം റൂറൽ എസ്പിക്കാണ് കേസിന്‍റെ അന്വേഷണ ചുമതല.
അതേസമയം രാഹുിലെ ബന്ധപ്പെടാന്‍ ഇതുവരെയും പൊലീസിന് കഴിഞ്ഞിട്ടില്ല. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസിൽ മുൻകൂർജാമ്യത്തിനുള്ള നീക്കം രാഹുൽ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ സംസാരിച്ചതായാണ് വിവരം.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്‍കുട്ടി തന്‍റെ പരാതി കെെമാറിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിരുന്നു.
സമൂഹമാധ്യമങ്ങളിലെ അതിക്രമത്തിന് എതിരെയും പരാതി നല്‍കിയിരുന്നു. സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടക്കുന്നതായാണ് യുവതി പരാതിയില്‍ പറയുന്നത്. നേരത്തെ ഗര്‍ഭഛിദ്രം നടത്തിയതുമായി ബന്ധപ്പെട്ട് ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിരോധിച്ചത് ഏതെങ്കിലും രീതിയില്‍ പരാതി എനിക്കെതിരെ ഉണ്ടോ, ഉണ്ടെങ്കില്‍ പറയൂ എന്നായിരുന്നു. 'ഹൂ കെയേഴ്സ്' എന്നായിരുന്നു രാഹുലിന്റെ ആദ്യ പ്രതികരണം. കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി പ്രചാരണം നടത്തുന്നതിനിടെ, പുറത്തുവന്ന ശബ്ദരേഖകളെക്കുറിച്ചുളള മാധ്യമങ്ങളുടെ ചോദ്യത്തിന് സ്ഥാനാര്‍ത്ഥികള്‍ക്കും പാലക്കാട്ടുകാര്‍ക്കും ഇല്ലാത്ത പ്രശ്നം മാധ്യമങ്ങള്‍ക്ക് വേണ്ട എന്നായിരുന്നു രാഹുലിന്റെ മറുപടി.
Content Highlights: case against rahul mamkootathil MLA