രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണം: രാഹുലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വി മുരളീധരന്‍

ഭരണത്തില്‍ ഇരിക്കുന്നവരും പ്രതിപക്ഷവും ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളാണെന്നും ഒത്തുതീര്‍പ്പ് സാധ്യത സംശയിക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു

രാഹുല്‍ മാങ്കൂട്ടത്തിൽ രാജിവെയ്ക്കണം: രാഹുലിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വി മുരളീധരന്‍
dot image

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. ഗുരുതരമായ കാര്യമാണ് പുറത്തുവന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം ഇത്രയും കാലം ഒഴിവു കഴിവുകള്‍ പറയുകയായിരുന്നെന്നും വി മുരളീധരന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നും രാഹുലിനെതിരെ കേസെടുത്ത് അയാളെ അറസ്റ്റ് ചെയ്യണമെന്നും വി മുരളീധരന്‍ പറഞ്ഞു. ഒരു എംഎല്‍എയ്‌ക്കെതിരെയാണ് ഗുരുതരമായ പരാതി ഉയര്‍ന്നിരിക്കുന്നതെന്നും കേരളത്തില്‍ തന്നെ ഇതാദ്യമായാണ് ഇത്തരമൊരു സംഭവമെന്നും അദ്ദേഹം പറഞ്ഞു.

'ജനാധിപത്യത്തെ തന്നെ അവഹേളിക്കുന്നതാണ് സംഭവം. കേസെടുത്ത് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യണം. ഭരണത്തില്‍ ഇരിക്കുന്നവരും പ്രതിപക്ഷവും ഇന്ത്യാ സഖ്യത്തിലെ ഘടകകക്ഷികളാണ്. ഒത്തുതീര്‍പ്പ് സാധ്യത സംശയിക്കുന്നുണ്ട്. അത്തരത്തില്‍ നീങ്ങാതെ കൃത്യമായ ശിക്ഷ നല്‍കണം. കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളെ കബളിപ്പിക്കുകയാണ്. പ്രാഥമിക അംഗത്വം ഒഴിവാക്കുക മാത്രമാണ് ചെയ്തത്. രാഹുല്‍ ഇപ്പോഴും പ്രചാരണത്തിനിറങ്ങുകയാണ്': വി മുരളീധരന്‍ പറഞ്ഞു. ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു രാഹുലിനെതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ട് ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്.

യുവതിയുടെ പരാതിയില്‍ അന്വേഷണച്ചുമതല റൂറല്‍ എസ്പിക്കാണ്.  എസ്പി കെ എസ് സുദര്‍ശനാണ് അന്വേഷണച്ചുമതല. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. റൂറൽ എസ്പിയുടെ ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്. നാളെ കോടതിയില്‍ രഹസ്യ മൊഴിയെടുക്കാൻ അപേക്ഷ നല്‍കും. ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നാണ് വിവരം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പുതിയ എഫ് ഐ ആര്‍ ആയിരിക്കും രജിസ്റ്റർ ചെയ്യുക. പഴയ കേസിന് പുറമെയാണിത്. പരാതിയിൽ പറയുന്ന മൊഴികളിൽ വകുപ്പുകൾ ചുമത്തും. ഉടൻ എഫ് ഐ ആര്‍ ആർ രജിസ്റ്റർ ചെയ്യാനാണ് എഡിജിപിയുടെ നിർദേശം. എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.

Content Highlights: Rahul mamkoottathil should resign and police should arrest him says v muraleedharan

dot image
To advertise here,contact us
dot image