'ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ല'; ഗംഭീറിനെ പഴിച്ച് ഗവാസ്കർ

'ഇന്ത്യൻ ടീമിന്റെ ഈ മോശമായ അവസ്ഥയുടെ പൂർണ്ണമായ ഉത്തരവാദിത്തം​ ​ഗംഭീറിനാണ്'

'ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ല'; ഗംഭീറിനെ പഴിച്ച് ഗവാസ്കർ
dot image

ദ​ക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലകൻ ​ഗൗതം ​ഗംഭീറിനെതിരെ വിമർശനവുമായി മുൻ താരവും കമന്റേറ്ററുമായ സുനിൽ ​ഗവാസ്കർ. ഇന്ത്യൻ ക്രിക്കറ്റിനെ ഇത്രയും മോശം അവസ്ഥയിൽ ഇതുവരെ കണ്ടിട്ടില്ലെന്നാണ് ​​ഗവാസ്കറുടെ വാക്കുകൾ. ഇതിന്റെ ക്രെഡിറ്റ് ​ഗംഭീറിനാണെന്ന് ​ഗവാസ്കർ പറഞ്ഞു.

'ഇന്ത്യൻ ക്രിക്കറ്റ് ഇത്രയും മോശം അവസ്ഥയിലായിരിക്കുന്നത് ഞാൻ മുമ്പ് കണ്ടിട്ടില്ല. ഇന്ത്യൻ ടീമിന്റെ മുഖ്യപരിശീലകനാകാൻ ​ഗംഭീർ ബിസിസിഐക്ക് മുമ്പിൽ ഒരുപാട് ആവശ്യങ്ങളുന്നയിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സ്റ്റാഫുകളെ ഇന്ത്യൻ ടീമിന്റെ പരിശീലക സംഘത്തിലും ഉൾപ്പെടുത്തി. രോഹിത് ശർമയെയും വിരാട് കോഹ്‍ലിയെയും ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കി. ഇന്ത്യൻ ടീമിൽ ക്യാപ്റ്റനേക്കാൾ അധികാരം ​ഗംഭീറിനാണ് ലഭിച്ചിരിക്കുന്നത്. അതിനാൽ തന്നെ ഇന്ത്യൻ ടീമിന്റെ ഈ മോശമായ അവസ്ഥയുടെ പൂർണ്ണമായ ഉത്തരവാദിത്തം​ ​ഗംഭീറിനാണ്,' ​ഗവാസ്കർ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരത്തിലും ഇന്ത്യ പരാജയപ്പെട്ടു. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്റ്റിൽ 30 റൺസിനായിരുന്നു ഇന്ത്യൻ ടീമിന്റെ പരാജയം. പിന്നാലെ ​ഗുവാഹത്തിയിൽ നടന്ന ടെസ്റ്റിൽ ഇന്ത്യ 408 റൺസിന് പരാജയപ്പെട്ടു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ഏറ്റവും വലിയ പരാജയമാണിത്.

ഗൗതം ​ഗംഭീർ പരിശീലകനായ ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ കളിച്ച 18 ടെസ്റ്റ് മത്സരങ്ങളിൽ ഏഴ് വിജയവും രണ്ട് സമനിലയും നേടാനായപ്പോൾ ഒമ്പത് മത്സരങ്ങൾ പരാജയപ്പെട്ടു. തുടർന്ന് ​ഗംഭീറിന്റെ പരിശീലന സ്ഥാനത്തെക്കുറിച്ച് കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്.

Content Highlights: Sunil Gavaskar Blasts Gautam Gambhir on test defeats

dot image
To advertise here,contact us
dot image