

അടൂര്‍: അടൂര്‍ നഗരസഭയില്‍ എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാതെ ബിജെപി. നഗരസഭയിലെ 29 വാര്‍ഡുകളില്‍ എട്ട് വാര്‍ഡുകളിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത്. ആറ്, 11,19,20,21,22,24,28 വാര്‍ഡുകളിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥികളില്ലാത്തത്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടൂര്‍ നഗരസഭയില്‍ ബിജെപി ശക്തമായ മത്സരം കാഴ്ചവെച്ച അടൂര്‍ ടൗണ്‍ 24ാം വാര്‍ഡില്‍ ഇത്തവണ ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. 245 വോട്ടാണ് ബിജെപി നേടിയത്. രണ്ടാമത് എത്തിയ കോണ്‍ഗ്രസിനേക്കാള്‍ അഞ്ച് വോട്ട് മാത്രം കുറവാണ് അന്ന് ബിജെപിക്ക് ഉണ്ടായിരുന്നത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അന്ന് ലഭിച്ചത് 312 വോട്ടായിരുന്നു. അങ്ങനെ ബിജെപി മികച്ച മത്സരം കാഴ്ചവെച്ച വാര്‍ഡിലാണ് ഇക്കുറി സ്ഥാനാര്‍ത്ഥിയില്ലാത്തത്.
പുനലൂര്‍ നഗരസഭയിലും 13 സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാള്‍ പിന്നീട് കൊല്ലപ്പെട്ട കക്കോട് വാര്‍ഡിലടക്കം ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ല. കക്കോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന സുമേഷ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിപിഐഎം കൗണ്‍സിലര്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തിരുന്നു.
പുതിയൊരു വാര്‍ഡ് കൂടി രൂപപ്പെട്ടതോടെ നഗരയില്‍ ആകെ 36 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ തവണ മെച്ചപ്പെട്ട വോട്ടുകള്‍ നേടിയ വാര്‍ഡുകളില്‍ പോലും ഇക്കുറി ബിജെപി സ്ഥാനാര്‍ത്ഥിയില്ല.
ഐക്കരക്കോണം, ശാസ്താംകോണം, കാഞ്ഞിരമല, ചാലക്കോട്, പേപ്പര്‍മില്‍, നെടുങ്കയം, മുസാവരി, നെല്ലിപ്പള്ളി, വിളക്കുവെട്ടം, കല്ലാര്‍, തുമ്പോട്, വാളക്കോട്, ഗ്രേസിങ് ബ്ലോക്ക്, ചെമ്മന്തൂര്‍ എന്നീ വാര്‍ഡുകളിലാണ് ബിജെപിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത്. ഐക്കരക്കോണത്തും ശാസ്താംകോണത്തും കഴിഞ്ഞ തവണ ബിജെപി രണ്ടാമതെത്തിയിരുന്നു.
അതേ സമയം യുഡിഎഫിന് സാധ്യതയുള്ള എല്ലാ സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. മികച്ച പ്രചരണവും ഇവിടെ നടക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ ആറ് സിറ്റിങ് കൗണ്‍സിലര്‍മാര്‍ മത്സരിക്കുന്ന വാര്‍ഡുകളില്‍ കല്ലാര്‍, നെടുങ്കയം വാര്‍ഡുകള്‍ ഒഴികെ മറ്റെല്ലായിടത്തും ബിജെപിക്ക് സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്. കഴിഞ്ഞ തവണ ആകെയുള്ള 21 സീറ്റുകളില്‍ എല്‍ഡിഎഫും 14 സീറ്റുകളില്‍ യുഡിഎഫും ആണ് വിജയിച്ചത്.
Content Highlights: BJP not fielding candidates in all wards in Adoor Municipality