

കോഴിക്കോട്: സമസ്ത നേതാക്കള്‍ക്ക് മാര്‍ക്‌സിസ്റ്റ് പ്രീണനമെന്ന് എസ്‌വൈഎസ് നേതാവ് നാസര്‍ ഫൈസി കൂടത്തായി. മത പ്രബോധന ലേബലില്‍ വര്‍ഗീയതയും മത രാഷ്ട്രവാദവും എതിര്‍ക്കുന്നവര്‍ മാര്‍ക്‌സിസ്റ്റിന് ദാസ്യ വേല ചെയ്യുന്നത് ലജ്ജാകരമെന്ന് നാസര്‍ ഫൈസി ഫേസ്ബുക്കില്‍ കുറിച്ചു. ആദര്‍ശ പ്രചാരണമെന്ന പേരില്‍ ചിലര്‍ നടത്തുന്ന ജമാഅത്ത് പ്രതിരോധം മാര്‍ക്‌സിസ്റ്റ് പ്രീണനമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുന്നതിന് മുന്‍പ് തന്നെ കമ്മ്യൂണിസ്റ്റുകാരും ജമാഅത്തുകാരും തെരഞ്ഞെടുപ്പുകളില്‍ മുന്നണി ബന്ധം ഉണ്ടാക്കിയവരാണ്. ജമാഅത്തെ ഇസ്‌ലാമിയെ ആദര്‍ശപരമായി തന്നെ പ്രതിരോധിക്കണം. എന്നാല്‍ അത് വര്‍ഗീയതയും മുസ്‌ലിം വിരുദ്ധതയും പച്ചക്ക് പറയുകയും വര്‍ഗീയ വിഷം ചീറ്റികളെ താലോലിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസത്തിന് ദാസ്യ വേല ചെയ്താവരുത്', നാസര്‍ ഫൈസി പറഞ്ഞു.
സമസ്തയിലെ ലീഗ് വിരുദ്ധരായ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമര്‍ ഫൈസി മുക്കം എന്നിവര്‍ ജമാഅത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിലാണ് പേരെടുത്ത് പറയാതെ വിമര്‍ശനവുമായി നാസര്‍ ഫൈസി കൂടത്തായി രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജമാഅത്ത് വിമര്‍ശനം മാര്‍ക്‌സിസ്റ്റ് ദാസ്യ വേലയാകരുത്
വര്‍ഗ്ഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ആനയിക്കുകയും അഭിനന്ദിക്കുകയും നവോത്ഥാന നായകനാക്കുകയും ചെയ്യുന്നു മുഖ്യമന്ത്രിയും സിപിഐഎമ്മും. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറുകാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് വര്‍ഗ്ഗീയത ആളിക്കത്തിക്കുന്നു സിപിഐഎം നേതാക്കള്‍. ഫാസിസ്റ്റ് പ്രീണനം ആവത് പ്രകടിപ്പിക്കുന്നു കേരള കമ്മ്യൂണിസം.
മതപ്രബോധന ലേബലില്‍ വര്‍ഗ്ഗീയതയും മതരാഷ്ട്രവാദവും എതിര്‍ക്കുന്നവര്‍ പരോക്ഷമായി മാര്‍ക്‌സിസ്റ്റ് ദാസ്യ വേല ചെയ്യുന്നത് ലജ്ജാകരമാണ്.
ജമാഅത്തെ ഇസ്ലാമിയുടെ ആശയത്തെ പ്രതിരോധിക്കുന്നത് ആദര്‍ശബോധമാണ്, അതിന്റെ രാഷ്ട്രീയത്തെ എതിര്‍ക്കുന്നത് രാഷ്ട്രീയ ബോധവുമാണ്. ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്ലാമി രൂപപ്പെടുത്തുന്നതിന്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത്കാരും നിരവധി തെരഞ്ഞെടുപ്പുകളില്‍ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോള്‍ ജമാഅത്തിന്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നത്.
'വൈരുദ്ധ്യാധിഷ്ടിത രാഷ്ട്രീയ വാദം' ആദര്‍ശ പ്രചരണമെന്ന പേരില്‍ ചിലര്‍ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്‌സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുത്. ജമാഅത്തെ ഇസ്‌ലാമിയെ ആദര്‍ശപരമായി തന്നെ പ്രതിരോധിക്കണം, എന്നാല്‍ അത് വര്‍ഗ്ഗീയതയും മുസ്‌ലിം വിരുദ്ധതയും പച്ചക്ക് പറയുകയും വര്‍ഗീയ വിഷം ചീറ്റികളെ താലോലിക്കുകയും ചെയ്യുന്ന മാര്‍ക്‌സിസത്തിന് ദാസ്യ വേല ചെയ്താവരുത്.
Content Highlights: Nasar Faizy Koodathayi against Samastha leaders