മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി

ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്

മുനമ്പത്ത് ആശ്വാസം; അന്തിമ വിധി വരുന്നതുവരെ ഭൂനികുതി സ്വീകരിക്കാമെന്ന് ഹൈക്കോടതി
dot image

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാന്‍ ഹൈക്കോടതി അനുമതി. കേസിൽ അന്തിമ വിധി വരുന്നതു വരെ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഭൂനികുതി സ്വീകരിക്കാനാണ് കോടതിയുടെ നിർദേശം. അന്തിമ വിധിക്ക് വിധേയമായി റവന്യൂ വകുപ്പിന് കരം സ്വീകരിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.

നേരത്തെ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.

മുനമ്പം നിവാസികളുടെ ഭൂനികുതി സ്വീകരിക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഭൂസംരക്ഷണ സമിതിയുടെ ഉൾപ്പെടെ ഹർജികളാണ് കോടതിയുടെ മുൻപാകെയുള്ളത്. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്ന് ഭൂസംരക്ഷണ സമിതി ഉൾപ്പെടെ നൽകിയ ഹർജികൾ നേരത്തെ പരിഗണിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി. ജയചന്ദ്രൻ ഇന്ന് ഇക്കാര്യത്തിൽ ഇടക്കാല നിർദേശം നൽകിയത്.

അതേസമയം ഭരണഘടനാ ദിനത്തിൽ തന്നെ ആശ്വാസ വിധി വന്നുവെന്ന് മുനമ്പം സമരസമിതി വ്യക്തമാക്കി. ഏറെക്കാലമായുള്ള പ്രധാന പ്രശ്നം പരിഹരിച്ചു. ശാശ്വത പരിഹാരത്തിന് നിയമ പോരാട്ടം തുടരുമെന്നും സമരസമിതി പറഞ്ഞു. സമരം തുടരുന്നത് കോർ കമ്മിറ്റിയിലെ കൂടിയാലോചനകൾക്ക് ശേഷമാണെന്നും മുനമ്പം സമരസമിതി വ്യക്തമാക്കി.

Content Highlight : Relief for Munambam residents; High Court allows land tax to be collected until final verdict

dot image
To advertise here,contact us
dot image