രാഹുലിന്‍റെ ശബ്ദ സന്ദേശം കേട്ടിട്ടില്ല, കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ; രമേശ് ചെന്നിത്തല

കെ സുധാകരൻ അടക്കം എല്ലാവരും ചേര്‍ന്നെടുത്ത തീരുമാനമാണ് രാഹുലിന്‍റെ സസ്പെൻഷനെന്ന് രമേശ് ചെന്നിത്തല

രാഹുലിന്‍റെ ശബ്ദ സന്ദേശം കേട്ടിട്ടില്ല, കേള്‍ക്കേണ്ട ഏര്‍പ്പാട് ഒന്നുമല്ലല്ലോ; രമേശ് ചെന്നിത്തല
dot image

ആലപ്പുഴ: ലൈംഗികാരോപണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇറങ്ങണോ വേണ്ടയോ എന്നുള്ളത് തീരുമാനിക്കേണ്ടത് കെപിസിസിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഹുലിനെ കെപിസിസി പ്രസിഡന്റ് സസ്പെൻഡ് ചെയ്തതാണ്. കെ സുധാകരൻ അടക്കം എല്ലാവരും ഏകകണ്ഠമായി എടുത്ത തീരുമാനമാണതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാഹുൽ പ്രചാരണത്തിനിറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കെപിസിസിയാണ്. പാർട്ടിയുടെ നടപടി നേരിടുന്ന വ്യക്തി എങ്ങനെ പരിപാടിയിൽ പങ്കെടുത്തു എന്നറിയില്ല. രാഹുലിന്റെതായി പുറത്തുവന്ന ഓഡിയോ സന്ദേശം കേട്ടിട്ടില്ല. കേൾക്കേണ്ട ഏർപ്പാട് ഒന്നുമല്ലല്ലോ അതെന്നും ഓഡിയോ സന്ദേശത്തിന്റെ പേരിൽ നടപടി എടുത്ത പാർട്ടിയാണ് കോൺഗ്രസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ശബരിമല സ്വർണക്കൊള്ളയിൽ പത്മകുമാറിനെതിരെയും വാസുവിനെതിരെയും നടപടി എടുക്കാൻ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ധൈര്യമുണ്ടോ എന്ന് ചോദിച്ച ചെന്നിത്തല, തെരഞ്ഞെടുപ്പിൽ ഈ വിഷയം എൽഡിഎഫിന് തിരിച്ചടിയാകുമെന്നും പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിരപരാധിയാണെന്നും അദ്ദേഹം കോണ്‍ഗ്രസില്‍ സജീവമാകണമെന്നും കെ സുധാകരൻ പറഞ്ഞിരുന്നു. ആ വിഷയത്തെ പറ്റി അന്വേഷിച്ചു. കോണ്‍ഗ്രസ് അവനെ അവിശ്വസിക്കുന്നില്ല. രാഹുലുമായി വേദി പങ്കിടാന്‍ മടിയില്ല. പുതിയ ശബ്ദരേഖ ഞാന്‍ കേട്ടിട്ടില്ലെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. എന്നാൽ ഇതിന് വിപരീതമായാണ് മറ്റു നേതാക്കളുടെ പ്രതികരണം.

രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ആളാണെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്. പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്തിയതാണ്. ആരോപണം വന്നപ്പോള്‍ തന്നെ കര്‍ശനമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ പാലക്കാട്ടെ നേതൃത്വം മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍ ഉണ്ടാകില്ലെന്നാണ് കെ മുരളീധരന്‍ പ്രതികരിച്ചത്. തന്നെ വിജയിപ്പിച്ചവര്‍ക്ക് വേണ്ടി രാഹുല്‍ പ്രചാരണം നടത്തുന്നുണ്ടാകാമെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. 'എത്ര നെഗറ്റീവ് വന്നാലും അദ്ദേഹം പാര്‍ട്ടിക്ക് പുറത്താണ്. അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പ്രചാരണം നടത്താന്‍ രാഹുലിന് സ്വാതന്ത്ര്യമുണ്ടല്ലോ. അത് ആ പ്രദേശത്തിന് ഗുണകരമാണോ ഇല്ലയോ എന്നത് ആ ഘടകങ്ങള്‍ തീരുമാനിക്കും. കോണ്‍ഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന വേദിയില്‍ അദ്ദേഹത്തിന് പ്രവേശനമില്ല. സ്ഥാനാര്‍ത്ഥിയോടുള്ള ഇഷ്ടം കാരണം പ്രചാരണം നടത്തുന്നവരുമുണ്ടല്ലോ. അങ്ങനെ കണ്ടാല്‍ മതി'എന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

എന്നാൽ നേതാക്കന്മാർ പറയുന്ന എല്ലാ അഭിപ്രായങ്ങളോടും യോജിക്കുന്നുവെന്നും അവർ പറയുന്ന എല്ലാ കാര്യങ്ങളും കേൾക്കാൻ ബാധ്യസ്ഥനാണ് താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. 'സസ്‌പെൻഷനിലായ ആൾ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് നേതാക്കൾ പറഞ്ഞത്. ഞാൻ പങ്കെടുക്കുന്നത് പാർട്ടി പരിപാടികളിലല്ല. എനിക്കുവേണ്ടി അധ്വാനിച്ചവർക്ക് വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. സ്ഥലം എംഎൽഎ എന്ന നിലയിൽ അവർ അത് ആവശ്യപ്പെടുമ്പോൾ നിറവേറ്റേണ്ട ബാധ്യത എനിക്കുണ്ട്. ഏതെങ്കിലും പദവി കിട്ടിയിട്ട് വീട് കയറിത്തുടങ്ങിയ ആളല്ല ഞാൻ. എനിക്ക് വോട്ടില്ലാത്ത കാലത്തും വീട് കയറിത്തുടങ്ങി പ്രചാരണം നടത്തിയ ആളാണ്. എനിക്ക് രണ്ട് കാലും കുത്തി നടക്കാൻ കഴിയുന്നിടത്തോളം കാലം, ഏത് പദവി ഉണ്ടെങ്കിലും ഇല്ലെങ്കിലും വീട് കയറി വോട്ട് ചോദിക്കും.' എന്നായിരുന്നു രാഹുലിന്‍റെ പ്രതികരണം.

Content Highlights: KPCC decide rahul mamkootathil whether or not to campaign for local elections says ramesh chennithala

dot image
To advertise here,contact us
dot image