

'ടാക്സിവാല' എന്ന സൂപ്പർഹിറ്റ് സിനിമക്ക് ശേഷം രാഹുൽ സംകൃത്യനും വിജയ് ദേവരകൊണ്ടയും വീണ്ടും ഒന്നിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. വിഡി 14 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം വലിയ ബഡ്ജറ്റിൽ പിരീഡ് ആക്ഷൻ ഡ്രാമയായാണ് ഒരുങ്ങുന്നത്. സിനിമയിലെ പുതിയ കാസ്റ്റിംഗ് ആണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്.
ചിത്രത്തിൽ വില്ലനായി എത്തുന്നത് ഹോളിവുഡ് താരം അർനോൾഡ് വോസ്ലൂ ആണ്. 'ദി മമ്മി', 'ദി മമ്മി റിട്ടേൺസ്' തുടങ്ങിയ സിനിമകളിൽ പ്രതിനായകനായി എത്തി ലോക സിനിമ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് അർനോൾഡ് വോസ്ലൂ. ബ്രിട്ടിഷ് ഓഫിസറുടെ കഥാപാത്രമായാകും അദ്ദേഹം സിനിമയിൽ പ്രത്യക്ഷപ്പെടുക. സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള നടന്റെ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. 'പുഷ്പ', 'ജനത ഗാരേജ്', 'രംഗസ്ഥലം' തുടങ്ങിയ സിനിമകൾ നിർമിച്ച മൈത്രി മൂവി മേക്കേഴ്‌സ് ആണ് ഈ ചിത്രം നിർമിക്കുന്നത്. 1854-നും 1878-നും ഇടയിൽ, ബ്രിട്ടിഷ് കോളനി വാഴ്ച അതിന്റെ ഉന്നതിയിൽ നിന്ന കാലഘട്ടത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാർഥ ചരിത്ര സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഈ സിനിമ, ചെറുത്തുനിൽപ്പ്, വിപ്ലവം, സ്വത്വം എന്നീ പ്രമേയങ്ങളെയാണ് ആസ്പദമാക്കുന്നത്.
#Mummy fame #ArnoldVosloo starring in a telugu movie it seems, tentatively titled #VD14
— Balaji Sivakumar (@DesignSBalaji) November 26, 2025
Vijay Devarakonda movie ah😳 pic.twitter.com/QVI2tTPwjD
നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുങ്ങിയ പീരീഡ് റൊമാന്റിക് ത്രില്ലർ ചിത്രം ആയ 'ശ്യാം സിംഘാ റോയ്' ആയിരുന്നു രാഹുൽ സംകൃത്യന്റെ അവസാനമായി പുറത്തിറങ്ങിയ സിനിമ. മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. 'ജേഴ്സി' എന്ന സിനിമക്ക് ശേഷം ഗൗതം തിന്നനൂരി സംവിധാനം ചെയ്ത കിങ്ഡം ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട ചിത്രം. സമ്മിശ്ര പ്രതികരണം ആണ് സിനിമ നേടിയത്.
Content Highlights: The mummy actor to play an important role in an upcoming Vijay Deverakonda film