രാഹുലിൽ പുകഞ്ഞ് കോൺഗ്രസ്: നടപടി വേണമെന്ന് ചെന്നിത്തലയും സതീശനും;മൗനം പാലിച്ച് വേണുഗോപാലും സണ്ണി ജോസഫും

രാഹുലിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണമെന്നാണ് നേതാക്കളുടെ ആവശ്യം

രാഹുലിൽ പുകഞ്ഞ് കോൺഗ്രസ്: നടപടി വേണമെന്ന് ചെന്നിത്തലയും സതീശനും;മൗനം പാലിച്ച് വേണുഗോപാലും സണ്ണി ജോസഫും
dot image

പാലക്കാട്: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ സംരക്ഷണം നല്‍കുന്നതിനെ ചൊല്ലിയാണ് അതൃപ്തി. രാഹുലിന് എതിരെ കടുത്ത നടപടി വേണമെന്നാണ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയുടെയും പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും ആവശ്യം. എന്നാല്‍ ആരോപണങ്ങളില്‍ മൗനം പാലിക്കുകയാണ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും.

രാഹുലിനെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തണമെന്നാണ് നേതാക്കളുടെ ആവശ്യം. രാഹുല്‍ എതിരാളികള്‍ക്ക് ആയുധം നല്‍കുന്നുവെന്നും പാര്‍ട്ടി പരിപാടികളില്‍ രാഹുല്‍ പങ്കെടുക്കുന്നത് തിരിച്ചടിയാകുമെന്നാണ് രാഹുലിനെ എതിര്‍ക്കുന്നവരുടെ വിലയിരുത്തല്‍. ഹൈക്കമാന്‍ഡാണ് വിഷയത്തില്‍ നിലപാട് സ്വീകരിക്കേണ്ടത്.

അതേസമയം രാഹുല്‍ വിഷയത്തില്‍ നടപടി എടുക്കേണ്ടത് സര്‍ക്കാരാണെന്നും സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നുമാണ് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. സര്‍ക്കാര്‍ നടപടിയെടുത്താല്‍ പാര്‍ട്ടിയും കൂടുതല്‍ നടപടിയെടുക്കുമെന്നും സസ്പെന്‍ഷനില്‍ നിന്ന് കൂടുതല്‍ നടപടിയിലേക്ക് പോകണമെങ്കില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഗര്‍ഭധാരണത്തിന് യുവതിയെ നിര്‍ബന്ധിക്കുന്ന വാട്‌സ്ആപ്പ് സന്ദേശവും ഗര്‍ഭധാരണത്തിന് ശേഷം ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ഫോണ്‍ കോളും കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. നമുക്ക് കുഞ്ഞ് വേണമെന്നാണ് രാഹുല്‍ പെണ്‍കുട്ടിയോട് വാട്സ്ആപ്പിലൂടെ ആവശ്യപ്പെടുന്നത്. എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണമെന്നും രാഹുല്‍ നിര്‍ബന്ധിക്കുന്നു.

ലൈംഗികാരോപണത്തില്‍ നടപടി നേരിട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം അടക്കം രാജിവെക്കേണ്ടിവന്നതിന് പിന്നാലെയാണ് രാഹുലിന് കുരുക്കായി വീണ്ടും ശബ്ദരേഖ പുറത്തുവന്നത്.

സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണ് യുവതി. മുഖ്യമന്ത്രിക്ക് പരാതി നല്‍കും. തെളിവുകള്‍ മുഖ്യമന്ത്രിക്ക് കൈമാറാനാണ് യുവതിയുടെ തീരുമാനം. ഗുരുതര ശബ്ദ സംഭാഷണങ്ങള്‍ പുറത്ത് വന്നിട്ടും രാഹുലിന്റെ ഭാഗത്ത് നിന്ന് ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തിലാണ് നീക്കം.

Content Highlights: dispute over Rahul Mamkootathil issue in Congress

dot image
To advertise here,contact us
dot image