ബിഎൽഒയുടെ മരണം: അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്യുന്നു;വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതും വെല്ലുവിളി

എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു

ബിഎൽഒയുടെ മരണം: അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്യുന്നു;വോട്ടർമാരെ തിരിച്ചറിയാൻ കഴിയാത്തതും വെല്ലുവിളി
dot image

കണ്ണൂര്‍: പയ്യന്നൂരില്‍ ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. ജോലിയിലെ മാനസിക സമ്മര്‍ദ്ദത്തിലാണ് മരണമെന്ന് സംശയിക്കുന്നതായി എഫ്‌ഐആര്‍ ചുമത്തി. എസ്‌ഐആറുമായി ബന്ധപ്പെട്ട ജോലികളില്‍ സമ്മര്‍ദമുണ്ടായിരുന്നതായി അനീഷ് വീട്ടുകാരോട് പറഞ്ഞുവെന്ന് പെരിങ്ങോം പഞ്ചായത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളുമടങ്ങുന്നതാണ് അനീഷിന്റെ കുടുംബം. എന്യൂമറേഷന്‍ ഫോറം 15നകം വോട്ടര്‍മാര്‍ക്ക് നല്‍കണമെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ 200ലധികം ഫോറം അനീഷിന് എത്തിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ഇതിന് വേണ്ടി അനീഷ് ഒരാഴ്ചയായി രാത്രി വൈകിയും ജോലി ചെയ്തു. വോട്ടര്‍മാരെ തിരിച്ചറിയാന്‍ കഴിയാത്തതും അനീഷിന് വെല്ലുവിളിയായി.

അനീഷ് ഈ വര്‍ഷമാണ് പുതുതായി ബിഎല്‍ഒ ആയി ചുമതലയേറ്റത്. അതേസമയം അനീഷിന്റെ ആത്മഹത്യയില്‍ നാളെ പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ജോയിന്റ് കൗണ്‍സില്‍. നാളെ എല്ലാ കളക്ടറേറ്റിലും പ്രതിഷേധം നടത്താനാണ് തീരുമാനം. പയ്യന്നൂര്‍ മണ്ഡലം 18ാം ബൂത്ത് ബിഎല്‍ഒ അനീഷ് ജോര്‍ജിനെയാണ് ഇന്ന് രാവിലെ വീടിന്റെ മുകള്‍ നിലയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

അനീഷിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജന്‍ പ്രതികരിച്ചു. അനീഷ് കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നെന്നും കേരളത്തില്‍ എസ്‌ഐആര്‍ നടപ്പിലാക്കാന്‍ സമയം വേണമെന്ന് ബിജെപി ഉള്‍പ്പടെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും രണ്ട് ജോലിയാണ് ബിഎല്‍ഒമാര്‍ ചെയ്യേണ്ടിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.

എട്ടികുളം സ്‌കൂളിലെ പ്യൂണ്‍ കൂടിയായ അനീഷ് ഇന്ന് രാവിലെയാണ് ആത്മഹത്യ ചെയ്തത്. വീട്ടിലുള്ളവര്‍ പുറത്ത് പോയപ്പോഴായിരുന്നു സംഭവം. ഇവര്‍ തിരിച്ചുവരുമ്പോള്‍ അനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

Content Highlights: Police registered FIR in the BLO Anish George s death

dot image
To advertise here,contact us
dot image