

സിനിമാക്കാരുടെ രാഷ്ട്രീയം മാത്രം നോക്കി ആരും ഒരു സിനിമയെ തഴയില്ലെന്നും ഗംഭീര സിനിമയാണെങ്കിൽ അത് വിജയിക്കുമെന്നും പൃഥ്വിരാജ് സുകുമാരൻ. തന്റെ പ്രകടനം ഒരു ജൂറിക്ക് ഇഷ്ടമായില്ലെങ്കിൽ ആ തീരുമാനത്തെ താൻ ബഹുമാനിക്കുന്നു. പക്ഷെ അദ്ദേഹത്തോട് അങ്ങനെ തീരുമാനിക്കാൻ പാടില്ല എന്ന് പറയാൻ നമുക്ക് അവകാശമില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. വിലായത്ത് ബുദ്ധയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇക്കാര്യം പറഞ്ഞത്.
'സിനിമാക്കാരുടെ രാഷ്ട്രീയം മാത്രം നോക്കി ആരും ഒരു സിനിമയെ തഴയില്ല. ഒരു ഗംഭീര സിനിമ ചെയ്താൽ അത് ഉറപ്പായും സ്വീകരിക്കപ്പെടും. അവാർഡുകൾ എന്നത് ഒരു ജൂറിയുടെ നിർണയമാണ്. നമുക്ക് ആ ജൂറിയുടെ തീരുമാനവുമായി വിയോജിക്കാം പക്ഷെ നിങ്ങൾ അങ്ങനെ തീരുമാനിക്കാൻ പാടില്ല എന്ന് പറയാൻ നമുക്ക് അവകാശമില്ല. ജൂറിയുടെ അഭിരുചിക്ക് അനുസരിച്ച് അവർക്ക് നല്ലതെന്ന് തോന്നുന്ന സിനിമകൾക്കാണ് അവർ അവാർഡുകൾ കൊടുക്കുന്നത്. എന്റെ സിനിമകൾ അവർക്ക് നല്ലതായി തോന്നിയില്ലെങ്കിലും കുഴപ്പമല്ല ഞാൻ അത് മനസിലാക്കുന്നു. അവർക്ക് എന്റെ പ്രകടനത്തിന് അവാർഡ് കൊടുക്കണ്ട എന്ന് തോന്നിയെങ്കിൽ എനിക്ക് കുഴപ്പമില്ല ആ തീരുമാനത്തെ ഞാൻ ബഹുമാനിക്കുന്നു', പൃഥ്വിയുടെ വാക്കുകൾ.
ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിന് പുറകെ ആടുജീവിതത്തിനും പൃഥ്വിരാജിന്റെ പ്രകടനത്തിനും അവാർഡ് നിഷേധിച്ചതിൽ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു.
അതേസമയം, വിലായത്ത് ബുദ്ധയാണ് ഇനി പുറത്തിറങ്ങാനുള്ള പൃഥ്വിരാജ് ചിത്രം. സിനിമയുടെ ട്രെയ്‌ലർ നേരത്തെ പുറത്തുവന്നിരുന്നു. ജി ആർ ഇന്ദുഗോപന്‍റെ പ്രശസ്ത നോവലായ 'വിലായത്ത് ബുദ്ധ' അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഒരു പക്കാ ആക്ഷൻ മാസ്സ് സിനിമയാകും ഇതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ഷമ്മി തിലകനും സിനിമയിൽ മിന്നും പ്രകടനം നടത്തുമെന്നും ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്.

ചിത്രം നവംബർ 21നാണ് വേൾഡ് വൈഡ് റിലീസ്. ഉർവ്വശി തിയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനൻ നിര്‍മ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി മുമ്പ് പുറത്തിറങ്ങിയിരുന്ന പോസ്റ്ററുകളും ടീസറും 'കാട്ടുരാസ' എന്ന ഗാനവും ഇതിനകം സോഷ്യൽ മീഡിയയിൽ ഏവരും ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്.
Content Highlights: Prithviraj about politics and awards