

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎം. എസ്എഫ്‌ഐ സംസ്ഥാന നേതാക്കളടക്കം പതിനാറ് പേരുടെ പട്ടികയാണ് സിപിഐഎം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പുറത്തിറക്കിയിരിക്കുന്നത്. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി താജുദ്ദീന്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നാദാപുരം ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുക. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സയ്യിദ് മുഹമ്മദ് സാദിഖ് താമരശ്ശേരി ഡിവിഷനില്‍ നിന്ന് മത്സരിക്കും.
എടച്ചേരി മണ്ഡലത്തില്‍ സബിന, കായക്കൊടിയില്‍ രാധിക ചിറയില്‍, മൊകേരിയില്‍ സി എം യശോദ, പേരാമ്പ്രയില്‍ ഡോ. കെ കെ ഹനീഫ, പനങ്ങാട് കെ കെ ശോഭ ടീച്ചര്‍, കാരശേരിയില്‍ നാസര്‍ കൊളായി, ചാത്തമംഗലത്ത് ടി കെ മുരളീധരന്‍, പന്തീരാങ്കാവില്‍ അഡ്വ. പി ശാരുതി, കക്കോടിയില്‍ കെ മഞ്ജുള, ബാലുശേരിയില്‍ പി കെ ബാബു, കാക്കൂരില്‍ ഇ അനൂപ്, അത്തോളിയില്‍ എ കെ മാണി മാസ്റ്റര്‍, മണിയൂരില്‍ കെ കെ ദിനേശന്‍, ചോറോട് എന്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവരാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒൻപതിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒൻപതിന് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പതിനൊന്നിന് വോട്ടെടുപ്പ് നടക്കുക.
Content Highlights: SFI state leaders to constest for local body polls from kozhikkode panchayat divisions