തെരഞ്ഞെടുപ്പ് ഫലം ഇത്രയും മോശമാകുമെന്ന് പ്രതീക്ഷിച്ചില്ല; പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം: തരൂർ

പരാജയത്തിന്റെ കാരണം കണ്ടെത്തി തെറ്റ് മനസിലാക്കി മുന്നോട്ടുപോകണമെന്നും ശശി തരൂർ പറഞ്ഞു

തെരഞ്ഞെടുപ്പ് ഫലം ഇത്രയും മോശമാകുമെന്ന് പ്രതീക്ഷിച്ചില്ല; പരാജയത്തില്‍ നിന്ന് കോണ്‍ഗ്രസ് പാഠം പഠിക്കണം: തരൂർ
dot image

തിരുവനന്തപുരം: ബിഹാര്‍ തെരഞ്ഞെടുപ്പിലെ പരാജയത്തില്‍ നിന്ന് പാഠം പഠിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. എന്തുകൊണ്ടാണ് പരാജയപ്പെട്ടതെന്നും എങ്ങനെയാണിത് സംഭവിച്ചതെന്നും കണ്ടെത്തി തെറ്റ് മനസിലാക്കി മുന്നോട്ടുപോകണമെന്നും ശശി തരൂര്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

'വിഷയം പാര്‍ട്ടി പഠിക്കണമെന്നതില്‍ സംശയമില്ല. പരാജയത്തില്‍ നിന്നും പാഠം പഠിക്കണം. എന്തുകൊണ്ടാണിത് സംഭവിച്ചത്, എങ്ങനെയാണ് സംഭവിച്ചത്, എന്തായിരുന്നു കാരണങ്ങള്‍, നമ്മുടെ സന്ദേശത്തിനായിരുന്നോ കുഴപ്പം, നേതൃത്വത്തിനായിരുന്നോ കുഴപ്പം, സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതിലാണോ കുഴപ്പം എല്ലാം കണ്ടുപിടിക്കണം. അതില്‍ സംശയമില്ല': ശശി തരൂര്‍ പറഞ്ഞു.

തന്നെ പ്രചാരണത്തിന് ക്ഷണിച്ചിരുന്നില്ലെന്നും തനിക്ക് പുറത്തുനിന്നുളള അറിവേയുളളുവെന്നും തരൂര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം ഇത്രയും മോശമാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അത് തിരിച്ചടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ വേറെ എവിടെയും സംഭവിക്കാതിരിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കണം. അടുത്ത വര്‍ഷം അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തെറ്റ് മനസിലാക്കി നാം മുന്നോട്ടുപോകമെന്നും ശശി തരൂര്‍ പറഞ്ഞു.

ഗാന്ധി കുടുംബത്തിനെതിരായ ലേഖന വിവാദത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. 'അത് തെറ്റാണ്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ല. എന്റെ ലേഖനത്തില്‍ ഒരു പാര്‍ട്ടിയെക്കുറിച്ച് മാത്രമല്ല പറഞ്ഞത്. എല്ലാ പാര്‍ട്ടികളെയും ചൂണ്ടിക്കാണിച്ചാണ് എഴുതിയിരിക്കുന്നത്. ഉദാഹരണങ്ങള്‍ കൊടുത്തു എന്ന് മാത്രം. ഒരു നടന്റെ മകന്‍ നടനാകുന്നു, ഡോക്ടറുടെ മകന്‍ ഡോക്ടറാകുന്നു, അതുപോലെ രാഷ്ട്രീയക്കാരന്റെ മകന്‍ രാഷ്ട്രീയക്കാരനാകുന്നു. അങ്ങനെ ചെയ്താല്‍ മതിയോ? അത് നമ്മുടെ ജനാധിപത്യത്തിന് നല്ലതാണോ എന്നാണ് ചോദിക്കുന്നത്. ആ ചോദ്യം 2017-ല്‍ രാഹുല്‍ ഗാന്ധി പ്രസംഗിച്ച കാര്യമാണ്. ആ ലേഖനത്തിന് ഇത്തരമൊരു പ്രതികരണം വന്നത് എന്നെ അത്ഭുതപ്പെടുത്തി. ചിലര്‍ക്ക് വിവാദമുണ്ടാക്കാന്‍ ഇഷ്ടമാണ്. ഞാന്‍ 17 വര്‍ഷമായി ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നു. ഒരേ കുടുംബം നേതൃത്വം കൊടുക്കുന്നു, അത് അറിഞ്ഞുകൊണ്ടല്ലേ ഞാന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഞാന്‍ ആ കുടുംബത്തിനെതിരല്ല എഴുതിയിരിക്കുന്നത്': ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: The election result was not expected to be so bad; Congress should learn from failure: Tharoor

dot image
To advertise here,contact us
dot image