

മലപ്പുറം: എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ നാലുപേരെ ജില്ലാ പഞ്ചായത്തില്‍ സ്ഥാനാര്‍ത്ഥികളായി പ്രഖ്യാപിച്ച് മുസ്‌ലീം ലീഗ്. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡൻ്റ് പി എച്ച് ആയിൽ ബാനു, എംഎസ്എഫ് സംസ്ഥാന ട്രഷറർ അഷ്ഹൽ പെരുമുക്ക്, എംഎസ്എഫ് ഹരിത കോഴിക്കോട് ജില്ലാ അധ്യക്ഷ റീമ, എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി അംഗം അഫീഫ നഫീസ എന്നിവരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ പൂക്കോട്ടൂര്‍ ഡിവിഷനില്‍ നിന്നാണ് പി എച്ച് ആയിഷ ബാനു ജനവിധി തേടുന്നത്. അഷ്ഹര്‍ പെരുമുക്ക് മലപ്പുറം ചങ്ങരംകുളം ഡിവിഷനില്‍ നിന്നും മത്സരിക്കും.
കോഴിക്കോട് ജില്ലയിലെ രണ്ട് പഞ്ചായത്ത് ഡിവിഷനുകളിൽ നിന്നാണ് റീമയും അഫീഫയും മത്സരിക്കുന്നത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഉളളിയേരി ഡിവിഷനില്‍ നിന്നാണ് റീമ ജനവിധി തേടുന്നത്. കോഴിക്കോട് കടലുണ്ടി ഡിവിഷനില്‍ നിന്നുമാണ് അഫീഫ മത്സരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയിലെ അംഗങ്ങള്‍ക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത് മികച്ച പ്രാതിനിധ്യമായാണ് എംഎസ്എഫ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്. ബ്ലോക്ക്, ഗ്രാമപഞ്ചായത്ത്, കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി സീറ്റുകളിലേക്ക് എംഎസ്എഫ് നേതാക്കളെ പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബർ ഒൻപതിനാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന് നടക്കും. ഡിസംബർ പതിമൂന്നിനാണ് വോട്ടെണ്ണൽ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഒൻപതിന് വോട്ടെടുപ്പ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് പതിനൊന്നിന് വോട്ടെടുപ്പ് നടക്കുക.
Content Highlights: Four members of the MSF state committee were given seats in the panchayat by the league