

നോണ്‍ ആല്‍ക്കഹോളിക് ഫാറ്റിലിവര്‍(NAFL) ഇന്ന് യുവാക്കളില്‍ കൂടുതലായി കണ്ടുവരുന്ന രോഗമാണ്. സാധാരണയായി ഇത് ആശങ്കാജനകമായ ഒരു കാര്യമല്ലെങ്കിലും കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ രോഗിയുടെ അവസ്ഥ ഗുരുതരമാകുകയും ചെയ്യും. രോഗം മാറാന്‍ മരുന്നുകള്‍ ഉണ്ടെങ്കിലും ജീവിത ശൈലിയിലെ ചില മാറ്റങ്ങള്‍, ശരീരഭാരം കുറയ്ക്കല്‍ എന്നിവയിലൂടെ ഫാറ്റിലിവര്‍ ഗുരുതരമാകുന്നത് കുറയ്ക്കാന്‍ കഴിയും. ചിലതരം പച്ചക്കറികള്‍ ഫാറ്റിലിവര്‍ മാറ്റാന്‍ സഹായിക്കുമെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്.

ബീറ്റ്‌റൂട്ട് കരളിന്റെ ആരോഗ്യത്തിന് മികച്ച ഭക്ഷണമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നാരുകള്‍, ആന്റിഓക്‌സിഡന്റുകള്‍, നൈട്രേറ്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബീറ്റ്‌റൂട്ട് രക്തയോട്ടം എളുപ്പത്തിലാക്കുകയും അവയവങ്ങളിലെ വിഷാംശം നീക്കം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. മാത്രമല്ല ഇത് കരളിലെ പിത്തരസത്തിന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും കൊഴുപ്പിനെ ഇല്ലാതാക്കുകയും കരളിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.
പയര്‍ വര്‍ഗ്ഗങ്ങള്‍,കടല എന്നിവയില്‍ ധാരാളം പ്രോട്ടീനുകളും നാരുകളും അടങ്ങിയിരിക്കുന്നു. പയര്‍ വര്‍ഗ്ഗങ്ങളിലെ കുറഞ്ഞ അളവിലുള്ള പൂരിത കൊഴുപ്പുകളും നാരുകളും ഫാറ്റി ലിവര്‍ രോഗമുള്ളവര്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. പയര്‍വര്‍ഗ്ഗങ്ങള്‍ കരളിലെ കൊഴുപ്പ് കുറയ്ക്കുകയും കരളിന്റെ പ്രവര്‍ത്തനം നന്നാക്കുകയും ചെയ്യും. മാത്രമല്ല ഇവയ്ക്ക് ദഹനത്തെ പ്രോത്സാഹിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സ്ഥിരമായി നിലനിര്‍ത്താനും കഴിയും. ഫാറ്റിലിവര്‍ രോഗമുള്ളവര്‍ക്ക് ഇവ രണ്ടും അത്യാവശ്യമുള്ള ഘടകങ്ങളാണ്.

രുചിവര്‍ധിപ്പിക്കുക എന്നതിലുപരി വെളുത്തുള്ളിക്ക് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. വെളുത്തുളളിയിലെ സള്‍ഫര്‍ സമ്പന്നമായ സംയുക്തങ്ങള്‍ക്ക് കരള്‍ കോശങ്ങളില്‍ കൊളസ്‌ട്രോള്‍ അടിഞ്ഞുകൂടുന്നത് തടയുകയും കൊളസ്‌ട്രോളിന്റെ അളവ് കൂടാതിരിക്കാന്‍ സഹായിക്കുകയും ചെയ്യും.വെളുത്തുള്ളി കരള്‍വീക്കം ശമിപ്പിക്കാനും സഹായിക്കും.
കരളിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന ഏറ്റവും മികച്ച പച്ചക്കറികളാണ് ചീര, ഉലുവ ഇവയൊക്കെ. ഇവയില്‍
അടങ്ങിയിരിക്കുന്ന ക്ലോറോഫില്‍ കരളിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകള്‍ കരളിനുണ്ടാകുന്ന കേടുപാടുകള്‍ തടയും. പതിവായി ചീര കഴിക്കുന്നത് ഫാറ്റിലിവര്‍ രോഗത്തിനുള്ള ഉത്തമ ചികിത്സയാണ്. ഇലക്കറികള്‍ കരളില്‍ പിത്തരസ ഉത്പാദനം വര്‍ധിപ്പിക്കുകയും കൊഴുപ്പിനെ അലിയിച്ച് കളയുകയും മാലിന്യങ്ങളെ പുറംതള്ളാന്‍ സഹായിക്കുകയും ചെയ്യും.

ബ്രൊക്കോളി, കോളിഫ്‌ളവര്‍, കാബേജ് എന്നിവയെല്ലാം നാരുകളാല്‍ സമ്പുഷ്ടമാണ്. ഇവയില്‍ ധാരാളം ഫൈറ്റോകെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്. അവ കരളിനെ വിഷവിമുക്തമാക്കും. കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുകയും വീക്കം കുറയ്ക്കുകയും ചെയ്യും. പച്ചക്കറികള്‍ കഴിക്കുന്ന ആളുകളില്‍ കരളിലെ കൊഴുപ്പിന്റെ അളവ് കുറയുകയും കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുകയും ചെയ്യുന്നു.
( ഈ ലേഖനം വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടി മാത്രമുള്ളതാണ്.ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഡോക്ടറുടെ സേവനം തേടേണ്ടത് അത്യാവശ്യമാണ്)
Content Highlights:Five types of vegetables you can eat to get rid of fatty liver