അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശൻ എൽഡിഎഫ് സ്ഥാനാർത്ഥി

ഷുക്കൂര്‍ വധക്കേസില്‍ വിചാരണാ നടപടികള്‍ ഈ വര്‍ഷം മെയ് മാസമാണ് ആരംഭിച്ചത്

അരിയിൽ ഷുക്കൂർ വധക്കേസ് പ്രതി പി പി സുരേശൻ എൽഡിഎഫ് സ്ഥാനാർത്ഥി
dot image

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഷുക്കൂര്‍ വധക്കേസിലെ 28-ാം പ്രതി പിപി സുരേശനാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്. പട്ടുവം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ വെളിച്ചാങ്കില്‍ നിന്നാണ് സുരേശന്‍ ജനവിധി തേടുന്നത്. 2012 ഫെബ്രുവരി ഇരുപതിനാണ് എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്.

അന്ന് സിപിഐഎം ജില്ലാ സെക്രട്ടറിയായിരുന്ന പി ജയരാജനും ടി വി രാജേഷും സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് ഷുക്കൂര്‍ കൊല്ലപ്പെട്ടത്. സിപിഐഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി പരസ്യവിചാരണ ചെയ്ത് ഷുക്കൂറിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പി ജയരാജനും ടി വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ ഒരു പ്രതിയെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണാ നടപടികള്‍ ഈ വര്‍ഷം മെയ് മാസമാണ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സിപിഐഎം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015-ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധി വന്നത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരന് എതിരെ സിബിഐ ചുമത്തിയിരുന്നത്.

Content Highlights: Ariyil Shukur murder case accused PP Sureshan ldf candidate in local body polls

dot image
To advertise here,contact us
dot image