ധർമശാസ്താവിനെ കൊള്ളയടിക്കുന്നത് താങ്ങാനാകുന്നില്ല; സിപിഐഎം വിട്ടത് ശബരിമല സ്വർണക്കൊള്ളയിൽ മനംനൊന്ത്: കെ ഹരി

എന്‍ വാസുവിന്റെ അറസ്റ്റ് ശബരിമല വിഷയത്തിലെ സിപിഐഎം ബന്ധം ഉറപ്പിച്ചെന്നും ഹരി

ധർമശാസ്താവിനെ കൊള്ളയടിക്കുന്നത് താങ്ങാനാകുന്നില്ല; സിപിഐഎം വിട്ടത് ശബരിമല സ്വർണക്കൊള്ളയിൽ മനംനൊന്ത്: കെ ഹരി
dot image

പത്തനംതിട്ട: താന്‍ സിപിഐഎം വിടാന്‍ കാരണം ശബരിമല വിഷയമാണെന്ന് മുൻ ബ്രാഞ്ച് സെക്രട്ടറി കെ ഹരി. എന്‍ വാസുവിന്റെ അറസ്റ്റ് ശബരിമല വിഷയത്തിലെ പാര്‍ട്ടി ബന്ധം ഉറപ്പിച്ചെന്നും പന്തളം അയ്യപ്പന്റെ മണ്ണാണെന്നും കെ ഹരി പറഞ്ഞു. പന്തളത്ത് ജനിച്ചുവളർന്ന തനിക്ക് ധർമശാസ്താവിനെ കൊളളയടിക്കുന്നത് താങ്ങാനാകുന്നില്ലെന്നും ഹരി പറഞ്ഞു.

'ഞാന്‍ തികഞ്ഞ ഒരു ഈശ്വര വിശ്വാസിയാണ്. കമ്മ്യൂണിസ്റ്റുകാരനായിരുന്നപ്പോഴും അങ്ങനെയായിരുന്നു. ശബരിമല സ്ത്രീപ്രവേശന വിഷയം വന്നപ്പോഴും വേദനയോടെ പാര്‍ട്ടിയില്‍ ഉറച്ചുനിന്നയാളാണ് ഞാന്‍. തെറ്റ് തിരുത്തി പാര്‍ട്ടി മുന്നോട്ടുപോകുമെന്ന് ഞാന്‍ കരുതി. പക്ഷെ ശബരിമല സ്വര്‍ണക്കൊളള കേസ് എന്‍ വാസുവിലേക്ക് വരെ എത്തിയപ്പോള്‍ ശബരിമല കൊളളയടിക്കപ്പെടുകയാണെന്ന തോന്നല്‍ എനിക്ക് വന്നു. അത് ഇനിയും ഉന്നതരിലേക്ക് നീളും. ദേവസ്വം മന്ത്രിയിലേക്കും എത്തും. ഈ അഴിമതിയെ ഞാന്‍ തുറന്നെതിര്‍ക്കുകയാണ്. അതാണ് ഞാന്‍ പാര്‍ട്ടി വിടാനുളള പ്രധാന കാരണം. ഇനിയും ഈ പാര്‍ട്ടിയില്‍ തുടരാനാവില്ല': കെ ഹരി പറഞ്ഞു.

പന്തളം ഇടയാടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന കെ ഹരി ബിജെപിയിൽ ചേർന്നിരുന്നു. കുടുംബത്തോടെയായിരുന്നു ബിജെപിയുടെ ഭാഗമായത്. പാര്‍ട്ടി തിരുത്തി മുന്നോട്ടുപോകുമെന്ന ധാരണ ഇല്ലാതായെന്നും അതുകൊണ്ട് നേരിന്റെയും ദേശീയതയുടെയും പാതയായ ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്നുമാണ് ഹരി പറഞ്ഞത്. കുരമ്പാല ലോക്കല്‍ കമ്മിറ്റി അംഗവുമായിരുന്നു കെ ഹരി.

Content Highlights: Left CPIM saddened by Sabarimala gold heist: K Hari, branch secretary who joined BJP

dot image
To advertise here,contact us
dot image