കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍; നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചെന്ന് പ്രതികരണം

38-ാം ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്ന ശാന്ത വിജയനാണ് ബിജെപിയിൽ ചേർന്നത്

കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിജെപിയില്‍; നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചെന്ന് പ്രതികരണം
dot image

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അന്തിമഘട്ടത്തിലേക്ക് എത്തിയതോടെ കോണ്‍ഗ്രസിനകത്ത് പൊട്ടിത്തെറി. 38-ാം ഡിവിഷനിലെ കൗണ്‍സിലര്‍ ആയിരുന്ന ശാന്ത വിജയന്‍ ബിജെപിയില്‍ ചേര്‍ന്നു. നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങളോട് ഇഷ്ടം തോന്നിയതുകൊണ്ടാണ് ബിജെപിയിലേക്ക് വന്നതെന്ന് ശാന്ത വിജയന്‍ പറഞ്ഞു. നാടിന്റെ വികസനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വികസനത്തിലൂടെ മാത്രമേ നമുക്ക് എന്തെങ്കിലും നേടിയെടുക്കാന്‍ കഴിയൂ. ബിജെപിയുടെ പ്രവര്‍ത്തനങ്ങള്‍ ആകര്‍ഷിച്ചെന്നും ശാന്ത വിജയന്‍ പറഞ്ഞു.

ജനറല്‍ സീറ്റുകള്‍ പലതും വനിതകള്‍ക്ക് കൊടുത്തതിലും അതൃപ്തി വ്യാപകമാണ്. നേതാക്കളുടെ ഇഷ്ടത്തിന് സീറ്റുകള്‍ വീതം വെച്ചെന്ന് ആരോപിച്ച് സിറ്റിങ് കൗണ്‍സിലര്‍ ബാസ്റ്റിന്‍ ബാബു പ്രാഥമിക അംഗത്വം രാജിവച്ചു. യുഡിഎഫ് തൃക്കാക്കര നിയോജകമണ്ഡലം ചെയര്‍മാന്‍ ജോസഫ് അലക്‌സിന് വാഗ്ദാനം ചെയ്ത സീറ്റ് വി കെ മിനിമോള്‍ക്ക് നല്‍കിയെന്നാണ് ആരോപണം. കൊച്ചി കോര്‍പറേഷനിലേക്ക് 22 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെയാണ് രണ്ടാം ഘട്ടത്തില്‍ പ്രഖ്യാപിച്ചത്. അവശേഷിക്കുന്ന രണ്ട് സീറ്റുകള്‍ ആയ ചെറളായിയിലും രവിപുരത്തും സസ്‌പെന്‍സ് സ്ഥാനാര്‍ത്ഥികള്‍ ആകുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.

അതേസമയം, സീറ്റ് വിഭജന ചര്‍ച്ചകള്‍ വഴിമുട്ടിയതോടെ തൃക്കാക്കര നഗരസഭയില്‍ സിപിഐ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. സിപിഐ സിറ്റിങ് സീറ്റുകള്‍ സിപിഐഎം വിട്ടുനല്‍കാത്ത സാഹചര്യത്തിലാണ് നീക്കം. നാലു വാര്‍ഡുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. കൂടുതല്‍ വാര്‍ഡുകളില്‍ സിപിഐ സ്ഥാനാര്‍ഥികള്‍ മത്സരിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

Content Highlights- Congress councillor joined to bjp

dot image
To advertise here,contact us
dot image