ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെതിരെ ഒരു വകുപ്പും കൂടി; അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ചേർത്തു

ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്

ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസുവിനെതിരെ ഒരു വകുപ്പും കൂടി; അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പ് ചേർത്തു
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിനെതിരെ ഒരു വകുപ്പും കൂടി ചുമത്തി. അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പാണ് ചേര്‍ത്തത്. കട്ടിളപ്പാളി കേസിലാണ് ഈ വകുപ്പ് ചേര്‍ത്തത്. ഉണ്ണികൃഷ്ണന്‍ പോറ്റി ഒഴികെയുള്ളവര്‍ക്ക് ഈ വകുപ്പ് ബാധകമാണ്. ദ്വാരപാലക കേസിലും ഈ വകുപ്പ് ചേര്‍ക്കാന്‍ ആലോചനയുണ്ട്. വാസുവിനെതിരായ കേസ് കൊല്ലത്തെ വിജിലന്‍സ് കോടതിയിലേക്ക് മാറ്റിയേക്കും.

അതേസമയം കേസില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് പ്രത്യേക അന്വേഷണ സംഘം വീണ്ടും നോട്ടീസയച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിന് അടിയന്തരമായി ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. പത്മകുമാറിന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയെ ചോദ്യം ചെയ്തതായി സൂചനയുണ്ട്. രണ്ടാം തവണയാണ് പത്മകുമാറിന് നോട്ടീസയക്കുന്നത്. നേരത്തെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും പത്മകുമാര്‍ അത് ചെയ്യിരുന്നില്ല.

ഇന്നലെ വൈകിട്ടാണ് എന്‍ വാസു അറസ്റ്റിലാകുന്നത്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് ചെയ്തത്. ക്രൈം ബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വര്‍ണം ചെമ്പെന്ന് രേഖപ്പെടുത്തിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്ന വിവരം എസ്‌ഐടിക്ക് ലഭിച്ചിരുന്നു. പിന്നാലെയായിരുന്നു വാസുവിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ദേവസ്വം ബോര്‍ഡ് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാറും ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുമായ മുരാരി ബാബുവുമാണ് വാസുവിനെതിരെ മൊഴി നല്‍കിയത്. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍ വാസുവിന് അറിയാമായിരുന്നു എന്നായിരുന്നു സുധീഷ് കുമാര്‍ എസ്‌ഐടിക്ക് നല്‍കിയ മൊഴി.

അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ വാസുവിനെ ഈ മാസം 24 വരെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. 2019 നവംബര്‍ മുതല്‍ രണ്ടുവര്‍ഷമാണ് എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി പ്രവര്‍ത്തിച്ചത്. ഇതിന് മുമ്പ് 2018 ഫെബ്രുവരി മുതല്‍ 2019 മാര്‍ച്ച് വരെ ദേവസ്വം കമ്മീഷണറായും പ്രവര്‍ത്തിച്ചു. പി കെ ഗുരുദാസന്‍ എക്‌സൈസ് മന്ത്രിയായിരുന്ന സമയത്ത് വാസു പേഴ്സണല്‍ സ്റ്റാഫ് അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: Sabarimala Gold Case one more charge against N Vasu

dot image
To advertise here,contact us
dot image