'അന്വേഷണം സുതാര്യമാകില്ല'; യതീഷ് ചന്ദ്രക്കെതിരായ പരാതി ജില്ലാ പൊലീസ് മേധാവിക്ക് വിട്ടതിനെതിനെതിരെ പരാതിക്കാരൻ

ഫ്രഷ് കട്ട് മുതലാളിമാരും യതീഷ് ചന്ദ്രയും തമ്മില്‍ വഴിവിട്ട ബന്ധമുള്ളതായി പരാതിക്കാരൻ പറയുന്നു

'അന്വേഷണം സുതാര്യമാകില്ല'; യതീഷ് ചന്ദ്രക്കെതിരായ പരാതി ജില്ലാ പൊലീസ് മേധാവിക്ക് വിട്ടതിനെതിനെതിരെ പരാതിക്കാരൻ
dot image

കോഴിക്കോട്: ഫ്രഷ്‌കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ സമരം സംഘര്‍ഷത്തില്‍ കലാശിച്ച സംഭവത്തില്‍ ഡിഐജി യതീഷ് ചന്ദ്രയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട പരാതി ജില്ലാ പൊലീസ് മേധാവിക്ക് വിട്ട നടപടിക്കെതിരെ പരാതിക്കാരന്‍. കര്‍ഷക കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു കണ്ണന്തറയാണ് നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. മേലുദ്യോഗസ്ഥനെതിരായ പരാതി കീഴുദ്യോഗസ്ഥന്‍ അന്വേഷിക്കുന്നതിനെതിരെയാണ് ബിജു കണ്ണന്തറയുടെ പരാതി.

ഡിഐജിയായ യതീഷ് ചന്ദ്രക്കെതിരായ പരാതി ജില്ലാ പൊലീസ് മേധാവിക്കായിരുന്നു വിട്ടത്. കീഴുദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയതിനാല്‍ സുതാര്യമായ അന്വേഷണം നടക്കില്ലെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ഐജിക്ക് മുകളിലുള്ള ഉദ്യോഗസ്ഥരെകൊണ്ട് പരാതി അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു കണ്ണന്തറ ഡിജിപി റവാഡ ചന്ദ്രശേഖറിന് കത്തയച്ചു. യതീഷ് ചന്ദ്രക്ക് കമ്പനി ഉടമകളുമായി ബന്ധമുണ്ടെന്ന് ഡിജിപിക്ക് അയച്ച കത്തില്‍ പരാതിക്കാരന്‍ പറയുന്നു.

ഫ്രഷ് കട്ടിനെതിരായ സമരം അക്രമാസക്തമായതില്‍ ഡിഐജി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു ബിജു കണ്ണന്തറയുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കുമായിരുന്നു ബിജു കണ്ണന്തറ പരാതി നല്‍കിയത്. ഇത് പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയായിരുന്നു. ഫ്രഷ് കട്ട് മുതലാളിമാരും യതീഷ് ചന്ദ്രയും തമ്മില്‍ വഴിവിട്ട ബന്ധമുള്ളതായി ബിജു കണ്ണന്തറ പരാതിയില്‍ പറഞ്ഞിരുന്നു. ആറ് വര്‍ഷത്തോളം സമാധാനപരമായായിരുന്നു സമരം നടത്തിയിരുന്നത്. പൊലീസ് സംരക്ഷണത്തോടെയാകും ഇനി പ്ലാന്‍റ് പ്രവര്‍ത്തിക്കുകയെന്നും ഇത് യതീഷ് ചന്ദ്രയും മുതലാളിമാരും തമ്മില്‍ ഗൂഢാലോചനയുടെ ഫലമാണെന്നും ബിജു കണ്ണന്തറ ചൂണ്ടിക്കാട്ടിയിരുന്നു.

ഒക്ടോബര്‍ 21-നാണ് ഫ്രഷ് കട്ട് മാലിന്യ പ്ലാന്റ് പരിസരത്ത് സമരക്കാരും പൊലീസും ഏറ്റുമുട്ടിയത്. നാട്ടുകാര്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. സമരക്കാര്‍ പ്ലാന്റിന് തീവെക്കുകയും ഫ്രഷ് കട്ടിന്റെ മാലിന്യ ശേഖരണ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തിരുന്നു. കല്ലേറില്‍ പൊലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പിന്നാലെ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. പ്ലാന്റിന് പുറമേ ഫ്രഷ് കട്ടിന്റെ വാഹനങ്ങള്‍ക്കും സമരക്കാര്‍ തീവെച്ചിരുന്നു. പ്രാന്റിന് മുന്നില്‍ നടന്നത് ആസൂത്രിത ആക്രമണമെന്നായിരുന്നു യതീഷ് ചന്ദ്ര പറഞ്ഞത്. സ്ത്രീകളേയും കുട്ടികളേയും സമരക്കാര്‍ കവചങ്ങളാക്കിയെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. അക്രമത്തിന് പിന്നില്‍ ചില തല്‍പര കക്ഷികളാണ്. ഇവരില്‍ ചിലരെ തിരിച്ചറിഞ്ഞെന്നും യതീഷ് ചന്ദ്ര പറഞ്ഞിരുന്നു. ഇതിനെതിരെ സമരക്കാരും രംഗത്തെത്തിയിരുന്നു. യതീഷ് ചന്ദ്രയുടെ ആരോപണം പച്ചക്കള്ളമെന്നായിരുന്നു സമരക്കാര്‍ പറഞ്ഞത്. ജനകീയ സമരം അടിച്ചമര്‍ത്താനാണ് പൊലീസ് ശ്രമിച്ചതെന്നും സമരക്കാര്‍ പറഞ്ഞിരുന്നു.

ഒരിടവേളയ്ക്ക് ശേഷം ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഫ്രഷ് കട്ട് വീണ്ടും തുറന്നു പ്രവര്‍ത്തിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നായിരുന്നു നടപടി. ഭാഗികമായാണ് പ്രവര്‍ത്തനം പുനഃരാരംഭിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ പ്രദേശത്ത് വീണ്ടും ദുര്‍ഗന്ധം രൂക്ഷമായതായി പ്രദേശവാസികള്‍ പറഞ്ഞു. ഇതിനെതിരെ സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ഫ്രഷ് കട്ട് വിരുദ്ധ മഹാറാലിയില്‍ ആയിരങ്ങള്‍ അണിനിരന്നിരുന്നു.

Content Highlights- Biju Kannanthara again filed complaint against yatish chandra over fresh cut clash

dot image
To advertise here,contact us
dot image