

ഇടുക്കി: പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ ഭിക്ഷയെടുത്ത് സമരം നടത്തിയ മറിയക്കുട്ടി തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആലോചന. അടിമാലി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് ആലോചിക്കുന്നത്. ബിജെപി നേതാക്കള്‍ ആവശ്യം അറിയിച്ചതായി മറിയക്കുട്ടി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു.
'പാര്‍ട്ടി മത്സരിക്കാന്‍ പറയുന്നുണ്ട്. തീരുമാനമായില്ല. നിലവില്‍ പ്രായത്തിന്റേതായ ആരോഗ്യക്കുറവല്ലാതെ മറ്റ് പ്രശ്‌നമൊന്നുമില്ല. അന്തിമ തീരുമാനം ഉടന്‍ എടുക്കും. ബിജെപി നേതൃത്വം പറയുന്നത് പോലെ ചെയ്യും. സുരേഷ് ഗോപി പറയുന്നത് പോലെ ചെയ്യും. 10 വര്‍ഷമായി ഒരാള്‍ ഇവിടെ ഭരിക്കുന്നു. ഇതുവരെ പാവങ്ങള്‍ക്ക് ഒരു മൊട്ടുസൂചിയുടെ ഗുണം ചെയ്തില്ല. പഞ്ചായത്തിന്റെ കെട്ടിടങ്ങളെല്ലാം അവരുടെ ബന്ധുക്കളാണ് കൈകാര്യം ചെയ്യുന്നത്', മറിയക്കുട്ടി പറഞ്ഞു.
താന്‍ മത്സരിക്കുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വേണ്ടി നിലക്കൊള്ളുമെന്ന് മറിയക്കുട്ടി വാഗ്ദാനം ചെയ്തു. പാവങ്ങളെ തിരിച്ചറിയണം. അവരെ കാണണം. എന്ത് വന്നാലും അവരെ പോയി അന്വേഷിക്കണമെന്നും അതാണ് മുഖ്യമെന്നും മറിയക്കുട്ടി കൂട്ടിച്ചേര്‍ത്തു. പണക്കാരെയല്ല, ദരിദ്രരെ നോക്കണമെന്നും മറിയക്കുട്ടി പറഞ്ഞു.

ഈ വര്‍ഷം മെയിലാണ് മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നത്. തൊടുപുഴയില്‍ നടന്ന ബിജെപി ഇടുക്കി നോര്‍ത്ത് ജില്ലാ വികസിത കേരളം കണ്‍വെന്‍ഷനില്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നാണ് മറിയക്കുട്ടി അംഗത്വം സ്വീകരിച്ചത്. ഭിക്ഷപാത്ര സമരത്തിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മറിയക്കുട്ടിയെ സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ നല്‍കാത്ത പെന്‍ഷന്‍ മറിയക്കുട്ടിക്ക് നല്‍കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നേരത്തെ സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ വിവിധ സമരവേദികളില്‍ മറിയക്കുട്ടി പങ്കെടുത്തിരുന്നു. പിന്നാലെ കെപിസിസി മറിയക്കുട്ടിക്ക് വീട് നിര്‍മിച്ച് നല്‍കി. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ടെത്തിയായിരുന്നു മറിയക്കുട്ടിക്ക് വീടിന്റെ താക്കോല്‍ കൈമാറിയത്.
സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായാണ് തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഡിസംബര്‍ ഒന്‍പതിനാണ് നടക്കുക. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. രണ്ടാം ഘട്ടം ഡിസംബര്‍ പതിനൊന്നിനാണ് നടക്കുക. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയാണ് രണ്ടാംഘട്ടത്തില്‍. വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും.
Content Highlights: Mariyakkutty may contest in local body polls in Adimalo for BJP