

തിരുവനന്തപുരം: സത്യസന്ധമായും സുതാര്യമായും ഭക്തി നിര്‍ഭരമായും തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാനായെന്ന് പി എസ് പ്രശാന്ത്. കാലവധി നീട്ടും എന്ന് പറഞ്ഞത് മാധ്യമങ്ങളാണ്. സര്‍ക്കാര്‍ അങ്ങനെ ആലോചിച്ചിരുന്നില്ല. ഹൈക്കോടതിയുടെ പരാമര്‍ശത്തില്‍ ബോര്‍ഡ് പ്രതിസ്ഥാനത്ത് എന്നത് മാധ്യമ പ്രചാരണമാണെന്നും തന്റെ മനസാക്ഷിയില്‍ താന്‍ പ്രതിസ്ഥാനത്ത് അല്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു.
കെ ജയകുമാറിന് നല്ല രീതിയില്‍ ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാറിനെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കെ രാജുവിനെ ദേവസ്വം ബോര്‍ഡ് അംഗമാക്കിയും ഉത്തരവിറക്കിയിരുന്നു. ഉത്തരവ് വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും.
ഉത്തരവ് പ്രകാരം രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയകുമാറിന്റെ പേര് നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. സിപിഐഎം സെക്രട്ടറിയേറ്റില്‍ അഞ്ച് പേരുകളായിരുന്നു ഉയര്‍ന്നു വന്നത്. ജയകുമാര്‍ ദീര്‍ഘകാലം ശബരിമല ഹൈ പവര്‍ കമ്മിറ്റിയുടെ ചെയര്‍മാനായി ചുമതല വഹിച്ചിട്ടുണ്ട്.
രണ്ട് തവണ സ്‌പെഷ്യല്‍ കമ്മീഷണര്‍ പദവിയും വഹിച്ചിട്ടുണ്ട്. കൂടാതെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ കമ്മിറ്റിയുടെ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് (ഐഎംജി) ഡയറക്ടറാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും ശ്രദ്ധേയനാണ്.
Content Highlights: PS Prashanth says he was able to take the Devaswom Board forward honestly