ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെ?: സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

മതസ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകുമെന്നും സിബിഎഫ്‌സിയോട് ഹൈക്കോടതി ചോദിച്ചു

ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെ?: സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി
dot image

കൊച്ചി: ഹാല്‍ സിനിമ വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. ഹാല്‍ സിനിമ ആശങ്കപ്പെടുത്തുന്നത് എങ്ങനെയാണ് എന്നാണ് ഹൈക്കോടതി ചോദിച്ചത്. ആശങ്കയുടെ അടിസ്ഥാനത്തില്‍ എങ്ങനെ സിനിമയിലെ രംഗങ്ങള്‍ കട്ട് ചെയ്യാനാകുമെന്നും ആശങ്കപ്പെടുത്തുന്നുവെന്ന കാരണം സെന്‍സറിംഗിന് അടിസ്ഥാനമാണോ എന്നും ഹൈക്കോടതി ചോദിച്ചു. മതസ്ഥാപനത്തിന്റെ പേര് പ്രദര്‍ശിപ്പിക്കുന്നതിന് എന്താണ് തടസമെന്നും വ്യത്യസ്ത വേഷത്തില്‍ വരുന്നത് എങ്ങനെ മതപരമാകുമെന്നും സിബിഎഫ്‌സിയോട് ഹൈക്കോടതി ചോദിച്ചു.

ഹാല്‍ സിനിമ ലക്ഷ്മണ രേഖ ലംഘിച്ചുവെന്നാണ് സിബിഎഫ്‌സി ഹൈക്കോടതിയില്‍ പറഞ്ഞത്. മത വികാരത്തെ ബാധിക്കുന്നതാണ് സിനിമയിലെ രംഗമെന്നും പൊതുക്രമം പാലിക്കാത്ത സിനിമയാണ് ഹാല്‍ എന്നും ലവ് ജിഹാദിനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്നും സിബിഎഫ്‌സി ആരോപിച്ചു. സിനിമയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സിബിഎഫ്‌സിക്ക് ബാധ്യതയുണ്ടെന്നും രണ്ട് മതങ്ങള്‍ ഉള്‍പ്പെട്ട വിഷയത്തില്‍ അവധാനത വേണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതിയില്‍ സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരായ ഹര്‍ജിയിലായിരുന്നു സിബിഎഫ്‌സിയുടെ വാദം. ഹര്‍ജി വിധി പറയാന്‍ മാറ്റി. നിര്‍മ്മാതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ വിധി അടുത്ത വെളളിയാഴ്ച്ച പുറപ്പെടുവിക്കും.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിന്‍ നിഗം നായകനാകുന്ന സിനിമയാണ് ഹാല്‍. ചിത്രത്തില്‍ നിന്ന് ചില രംഗങ്ങള്‍ നീക്കം ചെയ്യാന്‍ നേരത്തെ സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. സിനിമയിലെ ബീഫ് ബിരിയാണി രംഗം, ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങള്‍ എന്നിവ നീക്കം ചെയ്യണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചിരുന്നു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റെങ്കിലും നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്.

Content Highlights: How is the Haal Movie a cause for concern?: High Court questions the Censor Board

dot image
To advertise here,contact us
dot image