'പട്ടിക ജാതിക്കാരനായത് കൊണ്ടാണ് സർക്കാർ തിരിഞ്ഞു നോക്കാത്തത്; ആരോഗ്യമന്ത്രി വേണുവിന്റെ വീട് സന്ദര്‍ശിക്കണം'

കൊല്ലം ജില്ലയില്‍ ഉള്ളത് മനുഷ്യത്വമില്ലാത്ത മന്ത്രിമാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ്

'പട്ടിക ജാതിക്കാരനായത് കൊണ്ടാണ് സർക്കാർ തിരിഞ്ഞു നോക്കാത്തത്; ആരോഗ്യമന്ത്രി വേണുവിന്റെ വീട് സന്ദര്‍ശിക്കണം'
dot image

കൊല്ലം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ കിട്ടാതെ മരിച്ച വേണുവിന്റെ വീട്ടില്‍ മന്ത്രിമാര്‍ പോയില്ലെന്ന് കുറ്റപ്പെടുത്തി കൊടിക്കുന്നില്‍ സുരേഷ് എംപി. കൊല്ലം ജില്ലയില്‍ ഉള്ളത് മനുഷ്യത്വമില്ലാത്ത മന്ത്രിമാരാണെന്ന് കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. വേണുവിന്റെ വീട്ടില്‍ എത്താന്‍ പോലും മന്ത്രിമാര്‍ തയ്യാറായില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രസ്താവന ഇറക്കാതെ നടപടി എടുക്കണമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

ആരോഗ്യ മന്ത്രി വേണുവിന്റെ വീട് സന്ദര്‍ശിക്കണം. വേണുവിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കണം. വേണു പട്ടിക ജാതിക്കാരനായതുകൊണ്ടാണ് സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു. അതേസമയം വേണുവിന്റെ മരണത്തില്‍ വിശദീകരണവുമായി കാര്‍ഡിയോളജി വിഭാഗം ഡോക്ടര്‍മാര്‍ രംഗത്തെത്തി. വേണുവിന് ആവശ്യമായ എല്ലാ ചികിത്സയും നല്‍കിയെന്നും എല്ലാ രോഗികളും ഒരുപോലെയാണെന്നും കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. മാത്യു ഐയ്പ് പറഞ്ഞു.

നെഞ്ച് വേദനയോടെയാണ് ഒന്നാം തീയതി വേണു എത്തിയത്. വേദന തുടങ്ങി 24 മണിക്കൂറിന് ശേഷമാണ് എത്തിയത്. 24 മണിക്കൂറിനകം എത്തിയാലേ ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയൂ. രോഗി എത്തിയ സമയത്ത് ക്രിയാറ്റിന്റെ ലെവല്‍ കൂടുതലായിരുന്നു. ഷുഗര്‍, പ്രഷര്‍ അടക്കമുള്ള രോഗങ്ങളും ഉണ്ടായിരുന്നു. ആന്‍ജിയോഗ്രാം ഗുണത്തേക്കാള്‍ ദോഷം ഉണ്ടാക്കുന്ന പ്രൊസീജിയര്‍ ആണ്. ഇത് കണക്കിലെടുത്താണ് ആന്‍ജിയോഗ്രാം ചെയ്യാതിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ബുധനാഴ്ച രാത്രി 8.15ഓടെയാണ് കൊല്ലം പന്മന സ്വദേശിയായ വേണു(48) തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു.

Content Highlights: Kodikkunnil Suresh against Ministers in Venu s death

dot image
To advertise here,contact us
dot image