

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ട ദുരനുഭവം തുറന്നുപറയുകയും പിന്നാലെ മരണപ്പെടുകയും ചെയ്ത കൊല്ലം സ്വദേശി വേണുവിന്റെ കുടുംബം പരാതി നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനുമാണ് കുടുംബം പരാതി നല്‍കിയത്. ആശുപത്രി അധികൃതരില്‍ നിന്ന് നേരിട്ടത് കടുത്ത അവഗണനയാണെന്നും ചികിത്സ നിഷേധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ നടപടി വേണമെന്നും വേണുവിന്റെ ഭാര്യ സിന്ധു നല്‍കിയ പരാതിയില്‍ പറയുന്നു.
മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അഭിഷേക്, സിബി മാത്യു എന്നിവരുടെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് പരാതി. ഡോക്ടര്‍മാര്‍ വേണുവിന് ചികിത്സ നിഷേധിച്ചെന്നും അവഗണിച്ചതായും പരാതില്‍ പറയുന്നുണ്ട്. ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണ് മരണത്തിന് കാരണമെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശമുണ്ട്. മരണത്തിന് ഉത്തരവാദികളായ ഡോക്ടര്‍മാര്‍ക്കെതിരെ അടിയന്തര നിയമനടപടി സ്വീകരിക്കണം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു വേണു. മരണകാരണം കണ്ടെത്തണമെന്നും പരാതിയില്‍ പറയുന്നു.
അതേസമയം വേണുവിനെ ചികിത്സിക്കുന്നതില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് വീഴ്ചയില്ലെന്നായിരുന്നു സൂപ്രണ്ട് ഡോ. സി ജി ജയചന്ദ്രന്‍ പറഞ്ഞത്. വേണുവിന് ആന്‍ജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നും ക്രിയാറ്റിനിലും ചില പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു. ഇന്നലെ ശ്വാസകോശത്തില്‍ നീര്‍ക്കെട്ട് ഉണ്ടായിരുന്നു. പിന്നാലെ വെൻ്റിലേറ്ററിലേക്ക് മാറ്റി. പരമാവധി ചികിത്സ നല്‍കിയെന്നും സൂപ്രണ്ട് പറഞ്ഞു.
കൊല്ലം പന്മന സ്വദേശിയാണ് വേണു. 48 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ രാത്രി 8.15 ഓടെയായിരുന്നു വേണുവിന്റെ മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരനുഭവം ചൂണ്ടിക്കാട്ടി വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അടിയന്തരമായി ആന്‍ജിയോഗ്രാം ചെയ്യണമെന്ന ജില്ലാ ആശുപത്രിയില്‍ നിന്നുള്ള നിര്‍ദേശത്തെ തുടര്‍ന്ന് നവംബര്‍ ഒന്നിനായിരുന്നു വേണു മെഡിക്കല്‍ കോളേജില്‍ എത്തിയത്. എന്നാല്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ പറഞ്ഞിരുന്നു.
ആശുപത്രിയില്‍ എന്തെങ്കിലും കാര്യത്തെപ്പറ്റി ആരോടെങ്കിലും ചോദിച്ചാല്‍ ഒരക്ഷരം മിണ്ടില്ലെന്ന് വേണു ശബ്ദസന്ദേശത്തില്‍ ആരോപിച്ചിരുന്നു. നായയെ നോക്കുന്ന കണ്ണുകൊണ്ട് പോലും അവര്‍ തിരിഞ്ഞുനോക്കില്ല. മറുപടി പറയില്ല. കൈക്കൂലിയുടെ കേന്ദ്രമാണിത്. എമര്‍ജന്‍സി ആന്‍ജിഗ്രാം ചെയ്യാന്‍ വെള്ളിയാഴ്ച താന്‍ ഇവിടെ എത്തിയതാണ്. അഞ്ച് ദിവസമായിട്ടും തിരിഞ്ഞുനോക്കിയില്ല. റൗണ്ട്‌സിനിടെ പരിശോധിക്കാന്‍ വന്ന ഡോക്ടറോട് എപ്പോള്‍ ശസ്ത്രക്രിയ നടത്തുമെന്ന് ചോദിച്ചിരുന്നു. അവര്‍ക്ക് ഇതേപ്പറ്റി യാതൊരു ധാരണയുമില്ല. കൈക്കൂലിക്ക് വേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് അറിയില്ല. സാധാരണക്കാരുടെ ആശ്രയമാകേണ്ടതാണ് മെഡിക്കല്‍ കോളേജുകള്‍. എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് രോഗികളുടെ ശാപംപേറുന്ന പറുദീസയാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകത്തെ അറിയിക്കണമെന്നും വേണു സുഹൃത്തിനോട് വ്യക്തമാക്കിയിരുന്നു.
Content Highlights- Wife of venu who died in medical college give complaint to cm and minister veena george