പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു

മൊബൈല്‍ ഫോണ്‍, ചാര്‍ജിങ് കേബിള്‍, ബെല്‍റ്റ് എന്നിവ കൊണ്ടാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്

പരീക്ഷ എഴുതാൻ കോടതി ഉത്തരവുമായി കോളേജിലെത്തി റാഗിങ് കേസ് പ്രതികള്‍; ജൂനിയറെ വീട്ടില്‍കൊണ്ടുപോയി മര്‍ദ്ദിച്ചു
dot image

കണ്ണൂര്‍: തളിപ്പറമ്പില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. സര്‍ സയ്യിദ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥി കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശിയായ 18കാരനാണ് മര്‍ദ്ദനമേറ്റത്. റാഗിങ് കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന വിദ്യാര്‍ത്ഥികള്‍ കോടതി ഉത്തരവ് നേടി പരീക്ഷയ്ക്കായി കോളേജില്‍ എത്തി മര്‍ദ്ദിച്ചു എന്നാണ് ആരോപണം.

വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ ഹഫീസ് ഉമ്മര്‍, ഫാസില്‍ എന്നിവരുടെ പേരില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ കോളേജില്‍ വന്നു എന്ന കാരണം പറഞ്ഞായിരുന്നു മര്‍ദ്ദനം. കോളേജിന് പുറത്തേക്ക് വിളിച്ചുവരുത്തി ഇരുചക്രവാഹനത്തില്‍ കയറ്റുകയും അക്രമികളില്‍ ഒരാളുടെ വീട്ടില്‍ കൊണ്ടുപോയി മുറിയില്‍ പൂട്ടിയിട്ട് അടിച്ച് പരിക്കേല്‍പ്പിച്ചതായുമാണ് പരാതി.

മൊബൈല്‍ ഫോണ്‍, ചാര്‍ജിങ് കേബിള്‍, ബെല്‍റ്റ് എന്നിവ കൊണ്ടാണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വിദ്യാര്‍ത്ഥി നിലവിളിച്ചിട്ടും പ്രതികള്‍ മര്‍ദ്ദിക്കുന്നത് അവസാനിപ്പിച്ചില്ല. വൈകിട്ട് മൂന്നോടെയാണ് വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തുറന്നുവിട്ടത്. എന്നാല്‍ സംഭവം വിദ്യാര്‍ത്ഥി വീട്ടില്‍ പറഞ്ഞിരുന്നില്ല. കിടന്നുറങ്ങുന്നതിനിടെ ശരീരത്തിലെ പാട് കണ്ട് കാര്യമന്വേഷിച്ചപ്പോഴാണ് സംഭവം രക്ഷിതാക്കളറിഞ്ഞത്. ഉടനെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

കഴിഞ്ഞ ജൂണ്‍ 19ന് രണ്ടാം വര്‍ഷം വിദ്യാര്‍ത്ഥികളില്‍ റാഗിങ്ങിനെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. റാഗിങ്ങിനെ എതിര്‍ക്കുന്ന നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തില്‍ പൊലീസ് കേസെടുക്കുകയും കോളേജ് അധ്യാപക കൗണ്‍സില്‍ റാഗിങ്ങിനെ അനുകൂലിക്കുന്ന 17 വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ വിദ്യാര്‍ത്ഥികളില്‍ രണ്ടുപേരാണ് വീണ്ടും മറ്റൊരു വിദ്യാര്‍ത്ഥിയെ റാഗിങ്ങിനിരയാക്കിയത്. സംഘര്‍ഷമുണ്ടാക്കരുതെന്ന നിബന്ധനയിലാണ് വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ കോടതി അനുവദിച്ചതെന്ന വ്യവസ്ഥ ലംഘിച്ച കാര്യം കോടതിയെ അറിയിക്കുമെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി.

Content Highlights: 1st year student taken to senior student's house and beaten up; Ragging at Sir Syed Institute

dot image
To advertise here,contact us
dot image