

കോഴിക്കോട്: ഭരണത്തുടര്‍ച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എങ്ങനെ നശിപ്പിക്കുമെന്നത് ബംഗാളില്‍ കണ്ടതാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഒ ജെ ജനീഷ്. കേരളത്തിലും അതിന്റെ എല്ലാ ലക്ഷണങ്ങളും കണ്ടുതുടങ്ങിയെന്നും പകുതി സംഘിവല്‍ക്കരിച്ച സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയം എന്താകണമെന്ന് തീരുമാനിക്കാനുളള സ്വാതന്ത്ര്യം ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോലും എടുത്തു തുടങ്ങിയത് ആ നാശത്തിന്റെ സൂചനയാണെന്നും ഒ ജെ ജനീഷ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊലീസ് യൂണിഫോമിലെ നക്ഷത്രവും സിപിഐഎമ്മിന്റെ കൊടിയിലെ നക്ഷത്രവും ഒരുപോലെയാണെന്ന് കരുതുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അത് അങ്ങനെയല്ലെന്ന് അവര്‍ക്ക് വൈകാതെ മനസിലാകുമെന്നും ഒ ജെ ജനീഷ് പറഞ്ഞു. പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കും യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം അഴിച്ചുവിട്ട പൊലീസ് സംഘര്‍ഷം വ്യാപിപ്പിക്കാനാണ് ശ്രമിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി പി ദുല്‍ഖിഫിനെ അന്യായമായാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയ സാധ്യതയുളള മണ്ഡലങ്ങളില്‍ യൂത്ത് കോണ്‍ഗ്രസിന് അര്‍ഹമായ പ്രാതിനിധ്യം വേണമെന്നും ഇരുപത്തിയഞ്ചും മുപ്പതും വര്‍ഷമായി ജനപ്രതിനിധിയായി തുടരുന്നവരെ ആദരിച്ച് മാറ്റിനിര്‍ത്തി യൂത്ത് കോണ്‍ഗ്രസുകാരെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും ഒ ജെ ജനീഷ് പറഞ്ഞു. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും റിബല്‍ സാന്നിധ്യമായി ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Bengal has seen how succession can destroy the Communist Party: OJ janeesh