

കൊച്ചി: ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ എ സനൂപ് ആണ് ആക്രമണത്തിനിരയായത്. പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യാത്രക്കാരന്‍ നിധിന്‍ ആണ് സനൂപിനെ ആക്രമിച്ചത്. പ്രതി മദ്യലഹരിയിലായിരുന്നു.
നാഗര്‍കോവിലില്‍ നിന്നും ഷാലിമാറിലേക്ക് പോയ ഗുരുദേവ് എക്‌സ്പ്രസില്‍ ഞായറാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ട്രെയിന്‍ ഇരിങ്ങാലക്കുട സ്റ്റേഷന്‍ പിന്നിട്ടപ്പോഴാണ് റിസര്‍വ്ഡ് കോച്ചുകളിലൊന്നില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുന്ന നിലയില്‍ നിതിനെ സനൂപ് കണ്ടത്. കയ്യില്‍ ജനറല്‍ ടിക്കറ്റ് ആയതിനാല്‍ നിതിനോട് ജനറല്‍ കംപാര്‍ട്‌മെന്റിലേക്ക് മാറാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ ഇറങ്ങിയേക്കാമെന്ന് പറഞ്ഞ് നിതിന്‍ സനൂപിന്റെ കൈയ്യില്‍ പിടിച്ച് പുറത്തേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. സമീപത്തെ കൊളുത്തില്‍ പിടിത്തം കിട്ടിയതുകൊണ്ട് മാത്രമാണ് സനൂപ് പുറത്തേക്ക് വീഴാഞ്ഞത്.
സനൂപിന്റെ വലതുകയ്യില്‍ പരിക്കേറ്റിട്ടുണ്ട്. സഹപ്രവര്‍ത്തകരാണ് അക്രമിയെ പൊലീസിന് കൈമാറിയത്. സംഭവത്തില്‍ റെയില്‍വെ പൊലീസ് കേസെടുത്തു.
Content Highlights: Attack on TTE during ticket inspection at thrissur