

തൃശൂർ: ആറ്റൂരിൽ നവജാത ശിശുവിന്‍റെ മൃതദേഹം ക്വാറിയിൽ തള്ളിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കേസെടുത്തു. ആറ്റൂർ സ്വദേശിനി സ്വപ്ന (37) പൊലീസ് നീരിക്ഷണത്തിലാണ്. എട്ട് മാസം പ്രായമുള്ള നവജാത ശിശുവിന്റെ മൃതദേഹമാണ് ക്വാറിയിൽ കണ്ടെത്തിയത്. എട്ടുമാസം ഗർഭിണിയായിരുന്നു സ്വപ്ന. രണ്ട് കുട്ടികളുടെ മാതാവാണ്.
രണ്ടാഴ്ച മുമ്പ് ഗർഭം അലസിപ്പിക്കാൻ മരുന്നു കഴിച്ചു. ദിവസങ്ങൾക്കുള്ളിൽ വീട്ടിലെ ടോയ്ലറ്റിൽ വെച്ച് സ്വപ്ന കുഞ്ഞിനെ പ്രസവിച്ചു. തുടർന്ന് വീട്ടുകാർ അറിയാതെ ബാഗിലാക്കി സൂക്ഷിക്കുകയായിരുന്നു. സ്വപ്നയുടെ പാലക്കാട് കൂനത്തറയിലുള്ള വീട്ടിലേക്ക് പോകുമ്പോൾ ബാഗും കയ്യിൽ കരുതി. ആർത്തവസമയത്തെ രക്തം പുരണ്ട തുണിയാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ബാഗ് കയ്യിലെടുത്തത്. കൂനത്തറയിലെത്തിയപ്പോൾ ബന്ധുവിന്റെ കൈവശം ബാഗ് നൽകി. സമീപത്തെ ക്വാറിയിൽ ഉപേക്ഷിക്കാനായിരുന്നു സ്വപ്നയുടെ നിർദ്ദേശം. ബാഗിൽ രക്തംപുരണ്ട തുണിയാണെന്ന് ബന്ധുവിനെയും തെറ്റിദ്ധരിപ്പിച്ചു. അതനുസരിച്ച് ബന്ധു ബാഗിൽ തുണിയാണെന്ന് കരുതി ഉപയോഗശൂന്യമായ ക്വാറിയിൽ ഉപേക്ഷിച്ചു. പത്താം തീയതിയാണ് സ്വപ്ന പ്രസവിച്ചത്.
പ്രസവശേഷം ശാരീരിക അവശതകൾ നേരിട്ട സ്വപ്ന തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സ്വപ്നയുടെ ശാരീരിക അവസ്ഥയിൽ സംശയം തോന്നിയ ഡോക്ടർമാർ പോലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തി വിശദമായ ചോദ്യം ചെയ്തപ്പോഴാണ് യുവതി വിവരങ്ങൾ പറഞ്ഞത്. യുവതി ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. പൊലീസ് നിരീക്ഷണത്തിലാണ് ഇവർ.
ടോയ്‌ലറ്റിൽ വച്ച് പ്രസവിച്ച ശേഷം കുഞ്ഞിന്റെ മുഖത്ത് വെള്ളമൊഴിച്ച് കൊന്നതാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
Content Highlights: Thrissur new born baby death Case; police registered case against mother