'ആദ്യം നിങ്ങൾ മമ്മൂക്കയോട് മുട്ടണം'; തുടർച്ചയായി മൂന്നാം വർഷവും അവസാന റൗണ്ടിൽ മമ്മൂട്ടി; ഇത്തവണ നേടുമോ?

വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം എത്തുമ്പോൾ അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ട് എന്ന പ്രത്യേകതയുണ്ട്

'ആദ്യം നിങ്ങൾ മമ്മൂക്കയോട് മുട്ടണം'; തുടർച്ചയായി മൂന്നാം വർഷവും അവസാന റൗണ്ടിൽ മമ്മൂട്ടി; ഇത്തവണ നേടുമോ?
dot image

കേരള സംസ്ഥാന പുരസ്‌കാരങ്ങൾ നവംബർ ഒന്നിന് പ്രഖ്യാപിക്കും. പുരസ്കാരത്തിലെ മികച്ച നടന്മാർക്കുള്ള അവസാന റൗണ്ടിൽ മമ്മൂട്ടിയും ആസിഫ് അലിയും ആണെന്നാണ് വിവരം. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയായുള്ള പ്രകടനത്തിന് മമ്മൂട്ടി ഒരിക്കല്‍കൂടി സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കുമോയെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡം, ലെവല്‍ ക്രോസ്സ് എന്നീ ചിത്രങ്ങളിലെ പ്രകടനവുമായി ആസിഫ് അലി മികച്ച നടനുള്ള മത്സരത്തിനുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തെ സംസ്ഥാന പുരസ്കാരങ്ങളിലും അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ടായിരുന്നു എന്ന പ്രത്യേകതയും ഉണ്ട്.

കഴിഞ്ഞ വർഷത്തെ 54-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനുള്ള കാറ്റഗറിൽ മമ്മൂട്ടി മത്സരിച്ചിരുന്നു. കാതൽ എന്ന സിനിമയിലെ പ്രകടനമാണ് മമ്മൂട്ടിയെ അവസാന റൗണ്ട് വരെ എത്തിച്ചത്. അതിന് മുൻപത്തെ 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലും മികച്ച നടനായത് മമ്മൂട്ടി ആയിരുന്നു. നൻപകൽ നേരത്ത് മയക്കത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്‌കാരത്തിന് അർഹനാക്കിയത്. ന്നാ താൻ കേസ് കൊടിലെ പ്രകടനത്തിന് കുഞ്ചാക്കോ ബോബനും മമ്മൂട്ടിയ്‌ക്കൊപ്പം അന്ന് ഫൈനൽ റൗണ്ട് വരെ ഉണ്ടായിരുന്നു. ഒടുവിൽ അന്ന് കുഞ്ചാക്കോ ബോബന് സ്പെഷ്യൽ ജൂറി പുരസ്‌കാരം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും ഒരു സംസ്ഥാന പുരസ്‌കാരം എത്തുമ്പോൾ അവസാന റൗണ്ടിൽ മമ്മൂട്ടി ഉണ്ട് എന്ന പ്രത്യേകതയുണ്ട്. ഇത്തവണയും മമ്മൂട്ടി തന്നെ മികച്ച നടനാകുമെന്നാണ് പലരും സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്.

അതേസമയം, കളങ്കാവൽ ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയുടെ ചിത്രം നവംബർ 27ന് തിയേറ്ററുകളിലേക്ക് എത്തുന്നത്. സിനിമയുടെ സെൻസറിങ് പൂർത്തിയായെന്നും യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചതെന്നും സിനിമയുടെ അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. അതേസമയം, നിരവധി യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കളങ്കാവൽ ഒരുക്കിയിരിക്കുന്നത് എന്ന് സംവിധായകൻ ജിതിൻ കെ ജോസ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ അറിയിച്ചിരുന്നു. ഒന്നിൽ കൂടുതൽ സംഭവങ്ങൾ പ്രചോദനമാകുന്നുണ്ടെങ്കിലും ഈ ചിത്രം തീർത്തും ഫിക്ഷണൽ സ്വഭാവത്തിലാണ് കഥ പറയുന്നത് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

സിനിമയുടെ ടീസർ മമ്മൂട്ടിയുടെ പിറന്നാളിനോട് അനുബന്ധിച്ച് പുറത്തുവിട്ടിരുന്നു. മികച്ച പ്രതികരണമാണ് ടീസറിന് ലഭിച്ചത്. ടീസറിലെ മമ്മൂട്ടിയുടെ ചിരി വളരെയധികം ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ ജോസ്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് പുതിയ ചിത്രം. മുജീബ് മജീദ് ആണ് സംഗീത സംവിധാനം.

Content Highlights: Mammootty in final round of state awards

dot image
To advertise here,contact us
dot image