ശബരിമല സ്വർണക്കൊള്ള കേസ്; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ

13 ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് റിമാൻഡ്

ശബരിമല സ്വർണക്കൊള്ള കേസ്; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. 13 ദിവസത്തെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷമാണ് പ്രതിയായ പോറ്റിയെ റാന്നി കോടതിയില്‍ ഹാജരാക്കി തിരുവനന്തപുരം സബ് ജയിലിലേക്ക് മാറ്റിയത്. റാന്നി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്.

തുറന്ന കോടതിയിലായിരുന്നു പോറ്റിയുടെ കേസ് പരിഗണിച്ചത്. പരാതികളുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഇല്ല, പക്ഷെ അസുഖമുണ്ട് എന്നായിരുന്നു പോറ്റിയുടെ മറുപടി. അതേസമയം തനിക്ക് അസുഖങ്ങളുണ്ടെന്നും ബെംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നും ഉണ്ണികൃഷ്ണന്‍ പോറ്റി കോടതിയെ അറിയിച്ചു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക അന്വേഷണ സംഘം ഒക്ടോബര്‍ 17ന് പോറ്റിയെ കസ്റ്റഡിയിലെടുത്തത്. മോഷ്ടിച്ച സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റി കൈമാറിയത് കല്‍പേഷിനാണെന്നും എസ്‌ഐടി കണ്ടെത്തിയിരുന്നു. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിനെ റാന്നി കോടതി കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് കസ്റ്റഡി. ഒക്ടോബര്‍ 28നാണ് മുരാരി ബാബുവിനെ കോടതി കസ്റ്റഡിയില്‍ വിട്ടത്.

ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് കേസുകളായിരുന്നു പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിരുന്നത്. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണവും കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവും രണ്ട് കേസുകളായാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ട് കേസിലും ഉണ്ണികൃഷ്ണന്‍ പോറ്റിയായിരുന്നു ഒന്നാം പ്രതി. ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണമോഷണത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പുറമേ ഒന്‍പത് പേരെയാണ് പ്രതിചേര്‍ത്തത്.

നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആര്‍ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണത്തില്‍ എട്ട് പേരാണ് പ്രതികള്‍. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് കല്‍പേഷ്, 2019 ലെ ദേവസ്വം കമ്മീഷണര്‍, എ പത്മകുമാര്‍ പ്രസിഡന്റായിരുന്ന 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതി എന്നിങ്ങനെയായിരുന്നു പ്രതികള്‍.

Content Highlight; sabarimala gold theft case; First accused Unnikrishnan in Potti remand

dot image
To advertise here,contact us
dot image