പിഎം ശ്രീ: സിപിഐ വഴങ്ങുമോ?; തലസ്ഥാനത്ത് ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍

മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും

പിഎം ശ്രീ: സിപിഐ വഴങ്ങുമോ?; തലസ്ഥാനത്ത് ഇന്ന് തിരക്കിട്ട കൂടിയാലോചനകള്‍
dot image

തിരുവനന്തപുരം: പിഎം ശ്രീയില്‍ ആടിയുലഞ്ഞ് നില്‍ക്കുന്ന എല്‍ഡിഎഫിന് ഇന്ന് നിര്‍ണായകം. മന്ത്രിസഭാ യോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കും. സിപിഐയെ അനുനയിപ്പിക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട കൂടിയാലോചനകള്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തും. മന്ത്രിസഭായോഗം വൈകിട്ട് മൂന്നരയിലേക്ക് മാറ്റിയിട്ടുണ്ട്. ധാരണപത്രം റദ്ദാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് സിപിഐ.

അതേസമയം, സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ആദര്‍ശം പണയം വയ്ക്കാനാകുമോ എന്നാണ് സിപിഐ മുഖപത്രമായ ജനയുഗത്തിലൂടെ ചോദിക്കുന്നത്. ഫണ്ട് നല്‍കില്ലെന്ന കേന്ദ്ര നിലപാടിനോട് പോരടിക്കുകയാണ് വേണ്ടതെന്നും അല്ലാതെ, പദ്ധതി അനിവാര്യമെന്ന് പറയുന്നത് ഇടതുപക്ഷ നയങ്ങള്‍ക്ക് വിരുദ്ധമാണെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടിടി ജിസ്‌മോന്റെ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ അടക്കം പിഎം ശ്രീയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. നിശബ്ദത പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ചര്‍ച്ചയില്‍ മുഖ്യമന്ത്രി മുന്നോട്ടുവച്ച എല്ലാ ഉപാധികളും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം തള്ളിയിരുന്നു. പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് എന്ത് തീരുമാനവുമെടുക്കാമെന്ന് സിപിഐ ദേശീയ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. അതോടൊപ്പം ധാരണാപത്രം റദ്ദാക്കണമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു.

Content Highlights: negotiations will be held in tvmto persuade the CPI on pm shri

dot image
To advertise here,contact us
dot image