

കൊച്ചി: മുതിർന്ന സിപിഐഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുത്തതിൽ പുനഃപരിശോധനയില്ലെന്ന് ഹൈക്കോടതി. മൃതദേഹം പഠനാവശ്യത്തിന് വിട്ടു കൊടുക്കണമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ വിധിക്കെതിരെ മകൾ ആശ ലോറൻസ് നൽകിയ റിവ്യൂ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
നേരത്തെ എം എം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകാൻ നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു. മക്കളായ ആശ ലോറൻസിന്റെയും സുജാത ബോബന്റെയും അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഡിവിഷൻ ബെഞ്ചിൻ്റെ ഉത്തരവ്. മൃതദേഹം ഏറ്റെടുത്ത മെഡിക്കൽ കോളജ് നടപടി ഹൈക്കോടതി ശരിവെച്ചിരുന്നു.
നേരത്തെ സിംഗിൾ ബെഞ്ച് സമാനമായ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലാണ് ഡിവിഷൻ ബെഞ്ച് തള്ളിയത്. മക്കൾ തമ്മിലുള്ള പ്രശ്‌നമാണിതെന്നും അനന്തമായി വിഷയം നീട്ടിക്കൊണ്ടുപോകാനാകില്ലെന്നും ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്.
ലോറൻസ് ജീവിച്ചിരുന്ന സമയത്ത് മൃതദേഹം വൈദ്യപഠനത്തിന് നൽകണമെന്ന ആവശ്യം പ്രകടിപ്പിച്ചിരുന്നുവെന്ന് മകൻ സജീവൻ വ്യക്തമാക്കിയിരുന്നു. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകാനാകില്ലെന്നും മതപരമായ ചടങ്ങുകളോടെ സംസ്കരിക്കണമെന്നും ചൂണ്ടിക്കാണിച്ചാണ് മക്കളായ ആശ ലോറൻസ്, സുജാത ബോബൻ എന്നിവർ ഹൈക്കോടതിയെ സമീപിച്ചത്. വിഷയത്തിൽ മധ്യസ്ഥനെ നിയോഗിച്ച് ഹൈക്കോടതി നടത്തിയ ചർച്ചകളും വിഷയത്തിൽ സമവായമുണ്ടാക്കാനാവാതെ പരാജയപ്പെടുകയായിരുന്നു.
മൃതദേഹം നിലവിൽ എറണാകുളം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. 2024 സെപ്റ്റംബർ 21 നായിരുന്നു എം എം ലോറൻസിന്റെ അന്ത്യം. ന്യൂമോണിയ ബാധയെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Content Highlights: No review into release of MM Lawrence's body for research purposes High Court