'അല്ലെങ്കില്‍ ആരെങ്കിലും രഞ്ജി കളിക്കാന്‍ മെനക്കെടുമോ?'; സര്‍ഫറാസിനെ തഴയുന്നതിനെതിരെ ശശി തരൂര്‍

'ഇത് തികച്ചും പ്രതിഷേധാർഹമായ ഒരു കാര്യമാണ്'

'അല്ലെങ്കില്‍ ആരെങ്കിലും രഞ്ജി കളിക്കാന്‍ മെനക്കെടുമോ?'; സര്‍ഫറാസിനെ തഴയുന്നതിനെതിരെ ശശി തരൂര്‍
dot image

സർഫറാസ് ഖാനെ ഇന്ത്യ എ ടീമിലേക്ക് പരിഗണിക്കാത്തതിൽ രൂക്ഷവിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സർഫറാസിനെ നിരന്തരം അവഗണിക്കുന്നതിൽ സെലക്ഷൻ കമ്മിറ്റിക്കെതിരെ ആരാധക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് തരൂരും രം​ഗത്തെത്തിയത്. സെലക്ഷൻ പ്രക്രിയയിൽ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങളെ എങ്ങനെ വിലകുറച്ചുകാണുന്നു എന്നതിനെതിരെയും ശശി തരൂർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ‌ തുറന്നടിച്ചു.

"ഇത് തികച്ചും പ്രതിഷേധാർഹമായ ഒരു കാര്യമാണ്. സർഫറാസ് ഖാൻ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ശരാശരി 65-ൽ കൂടുതൽ റൺസ് നേടിയിട്ടുണ്ട്. ടെസ്റ്റ് അരങ്ങേറ്റത്തിൽ ഒരു അർധസെഞ്ച്വറിയും ഇന്ത്യ പരാജയപ്പെട്ട ഒരു ടെസ്റ്റ് മത്സരത്തിൽ 150 റൺസും നേടി. ഇംഗ്ലണ്ടിലെ മത്സരത്തിൽ 92 റൺസ് നേടി. ഇന്ത്യൻ ടെസ്റ്റ് ടീമിനെതിരായ പരിശീലന മത്സരത്തിൽ ഒരു സെഞ്ച്വറിയും നേടി. എന്നിട്ടും സെലക്ടർമാരുടെ റഫറൻസിൽ നിന്ന് അദ്ദേഹം പുറത്തായി", തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ദേശീയ ടീമിൽ നിന്ന് പുറത്തായ മറ്റ് പരിചയസമ്പന്നരായ കളിക്കാരെക്കുറിച്ചും തരൂർ സോഷ്യൽ മീഡിയയിൽ കുറിച്ചു. "അജിങ്ക്യ രഹാനെ, പൃഥ്വി ഷാ, കരുൺ നായർ എന്നിവർ രഞ്ജി ട്രോഫിയിൽ റൺസ് നേടുന്നത് കാണുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. നമ്മുടെ സെലക്ടർമാർ തെളിയിക്കപ്പെട്ട പ്രതിഭകളെ തള്ളിക്കളയാൻ തിടുക്കം കാണിക്കുകയാണ്. ഐപിഎല്ലിലെ മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലെ റൺസിനെയും പരി​ഗണിക്കണം. അല്ലെങ്കിൽ ആരെങ്കിലും രഞ്ജിയിൽ കളിക്കാൻ ഇത്ര മെനക്കെടേണ്ടത് എന്തിനാണ്?" തരൂർ കൂട്ടിച്ചേർത്തു.

2024ല്‍ ന്യൂസിലന്‍ഡിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം സര്‍ഫറാസ് ഖാനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത് കനത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. തുടര്‍ന്ന് ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലും അദ്ദേഹത്തിന് ഇടം ലഭിച്ചില്ല. ശാരീരികമായി മാറ്റം വന്നെങ്കിലും, ഇംഗ്ലണ്ട് പര്യടനത്തിലേക്ക് അദ്ദേഹത്തെ തിരഞ്ഞെടുത്തില്ല.

പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഹോം പരമ്പരയില്‍ നിന്നും അദ്ദേഹത്തെ അവഗണിച്ചു. ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിലും മുംബൈ താരത്തെ ഉള്‍പ്പെടുത്താത്തത് ആരാധകരെ ആശ്ചര്യപ്പെടുത്തി. തുടർന്ന് വിഷയത്തിൽ ബി ജെപിയും കോൺഗ്രസും വരെ വാക്കുതർക്കത്തിലേർപ്പെട്ടു. ആ സമയത്താണ് സർഫറാസ് കളിക്കുന്ന മുംബൈ ടീമിന്റെ ക്യാപ്റ്റൻ കൂടിയായ ഷാര്‍ദുല്‍ താക്കൂറിന്റെ പ്രതികരണം.

Content Highlights: Shashi Tharoor slams selectors for Sarfaraz Khan's snub

dot image
To advertise here,contact us
dot image