പിഎം ശ്രീ: സിപിഐ അനുനയത്തിന് വഴങ്ങുമോ? പിണറായി വിജയന്‍-ബിനോയ് വിശ്വം കൂടിക്കാഴ്ച്ച പൂർത്തിയായി

പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് സിപിഐ എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുത്തത്

പിഎം ശ്രീ: സിപിഐ അനുനയത്തിന് വഴങ്ങുമോ? പിണറായി വിജയന്‍-ബിനോയ് വിശ്വം കൂടിക്കാഴ്ച്ച പൂർത്തിയായി
dot image

ആലപ്പുഴ: പിഎം ശ്രീ പദ്ധതിയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ നിര്‍ണായക ചര്‍ച്ച പൂർത്തിയായി. ആലപ്പുഴ ഗസ്റ്റ് ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയനും ബിനോയ് വിശ്വവും തമ്മിലുളള കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ സിപിഐ കടുത്ത നടപടിയിലേക്ക് കടക്കുമെന്നാണ് സൂചന. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനിൽക്കുന്നതടക്കം കടുത്ത തീരുമാനത്തിലേക്ക് സിപിഐ കടന്നേക്കും. പിഎം ശ്രീ കരാറില്‍ നിന്നും പിന്‍വാങ്ങുന്നത് വരെയാകും വിട്ടുനില്‍ക്കല്‍. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായിരുന്നു. പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന ആവശ്യത്തില്‍ നിന്ന് അയയേണ്ടതില്ല എന്നാണ് എക്‌സിക്യൂട്ടീവില്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുമായുളള ചര്‍ച്ചകള്‍ക്കുശേഷം സിപിഐ സെക്രട്ടറിയേറ്റ് ചേരാനാണ് ധാരണ. സിപിഐഎം സമീപനം പോസിറ്റീവ് അല്ലെന്ന് നേതൃത്വം എക്‌സിക്യൂട്ടീവിനെ അറിയിച്ചിട്ടുണ്ട്.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ തീരുമാനം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്ത ശേഷമാണ് സിപിഐഎം ഈ നിലപാടിലെത്തിയത്. അതേസമയം, തുടര്‍ നടപടികളില്‍ തിടുക്കം കാണിക്കേണ്ടെന്നും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു. ഉദ്യോഗസ്ഥ തലത്തിലെ ഫയല്‍ നീക്കത്തില്‍ തിടുക്കം കാണിക്കില്ല. പദ്ധതി നടപ്പാക്കേണ്ട സ്‌കൂളുകളുടെ പട്ടിക ഉടന്‍ കൈമാറില്ല. പദ്ധതി നടപ്പാക്കാന്‍ മേല്‍നോട്ട സമിതിയെ നിയോഗിക്കും. ഉടന്‍ എല്‍ഡിഎഫ് യോഗം ചേരും. എല്‍ഡിഎഫ് യോഗത്തിന് ശേഷം സബ് കമ്മിറ്റി ഉള്‍പ്പെടെ തീരുമാനിക്കാനും സെക്രട്ടറിയേറ്റില്‍ തീരുമാനിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രം തയ്യാറാക്കിയത്. ഒക്ടോബര്‍ 23 ന് ധാരണാപത്രം ഒപ്പിട്ട് കൈമാറി. ഇതിന് മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയോ വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. ഇതാണ് സിപിഐയെ ചൊടിപ്പിച്ചത്. അമര്‍ഷം പരസ്യമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തെത്തി. ധാരണാപത്രത്തില്‍ ഒപ്പുവെച്ചത് വാര്‍ത്തയിലൂടെ മാത്രമാണ് അറിഞ്ഞതെന്നായിരുന്നു ബിനോയ് വിശ്വം പറഞ്ഞത്. സിപിഐ ഇടഞ്ഞതോടെ അനുനയ നീക്കവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് ആദ്യം രംഗത്തെത്തിയത്. സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുമായി എം എ ബേബി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കടുത്ത അതൃപ്തി അറിയിച്ച രാജ, സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചെന്നും ആരോപിച്ചിരുന്നു.

Content Highlights: PM Shri: Pinarayi Vijayan-Binoy Vishwam meeting completed

dot image
To advertise here,contact us
dot image