കോടതി നിർദേശം വന്നത് ഇന്നലെ; അതിനും ദിവസങ്ങൾക്ക് മുന്നേ ദേവസ്വം ബോർഡ് മിനിറ്റ്‌സ് പിടിച്ചെടുത്ത് എസ്ഐടി

2019ലെ ദേവസ്വം ബോർഡ് മിനിറ്റ്‌സാണ് പിടിച്ചെടുത്തത്

കോടതി നിർദേശം വന്നത് ഇന്നലെ; അതിനും ദിവസങ്ങൾക്ക് മുന്നേ ദേവസ്വം ബോർഡ് മിനിറ്റ്‌സ് പിടിച്ചെടുത്ത് എസ്ഐടി
dot image

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്തു. 2019ലെ മിനിറ്റ്‌സാണ് പിടിച്ചെടുത്തത്. സ്വർണം പൂശാനെടുത്ത യോഗ വിവരങ്ങൾ അടക്കമുള്ള കാര്യങ്ങളാണ് പിടിച്ചെടുത്ത മിനിറ്റ്‌സിലുള്ളത്. ദേവസ്വം ബോർഡിന്റെ മിനിറ്റ്‌സ് ബുക് പിടിച്ചെടുക്കാനും അവ സുരക്ഷിതമായി എസ്‌ഐടി കസ്റ്റഡിയിൽ സൂക്ഷിക്കാനും ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. മിനിറ്റ്‌സിന്റെ പകർപ്പ് ഹൈക്കോടതി രജിസ്ട്രിക്ക് കൈമാറണമെന്നും എസ്‌ഐടിക്ക് ഹൈക്കോടതി ഇന്നലെ നിർദേശം നൽകിയിരുന്നു. എന്നാൽ ഇതിന് മുൻപ് തന്നെ, കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിലെടുത്ത ദിവസം മിനിറ്റ്‌സ് പിടിച്ചെടുത്തതായാണ് വിവരം.

അന്വേഷണ ചുമതലയുള്ള എസ്പി ദേവസ്വം ബോർഡിൽ നേരിട്ടെത്തിയായിരുന്നു നീക്കം. സംഭവത്തിൽ കൂടുതൽ രേഖകൾ കിട്ടാനുണ്ടെന്ന നിലപാടിലാണ് എസ്‌ഐടി. അതിനാൽ തന്നെ ഇന്ന് കൂടുതൽ രേഖകൾ അന്വേഷണ സംഘം ആവശ്യപ്പെടും. അതിനിടെ ശബരിമല സ്വർണക്കൊള്ളയിൽ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സംസ്ഥാനത്തിന് പുറത്ത് ഗൂഢാലോചന നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞതായാണ് സൂചന. ഇവർക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്താനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ശബരിമലയിലെ സ്വർണപ്പാളികൾ കൈമാറ്റം ചെയ്തതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പിഎസ് പ്രശാന്ത് നിർദേശം നൽകിയതായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി ചെറിയ മീനെന്നും പിന്നിൽ വമ്പൻ സ്രാവുകളുണ്ടെന്നുമാണ് ഇടക്കാല ഉത്തരവിലെ ഹൈക്കോടതിയുടെ നിരീക്ഷണം. 2024ൽ സ്വർണപ്പാളികൾ കേടുവന്നതിലും ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. 2019ലെ തട്ടിപ്പിന്റെ ബാക്കിയാണോ 2025ലെ ശ്രമമെന്ന് അന്വേഷിക്കണം. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശിൽപ പാളികളും താങ്ങുപീഠവും കൈമാറാൻ പി എസ് പ്രശാന്ത് നിർദേശം നൽകി. പിഴവും അശ്രദ്ധയുമാണ് 2025 സെപ്റ്റംബർ മൂന്നിലെ ബോർഡ് തീരുമാനം. 2019ലെ സ്വർണ നഷ്ടം പരിശോധിക്കാതെയാണ് പോറ്റിക്ക് വീണ്ടും പാളികൾ നൽകാൻ തീരുമാനമെടുത്തത്. ശിൽപ പാളികൾ 2025ലും ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ ഉദ്യോഗസ്ഥർ ശ്രമിച്ചു. ഹൈക്കോടതിയുടെ അനുമതി വാങ്ങാത്തതും സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാത്തതും ഇതിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

പോറ്റിക്ക് പാളികൾ നൽകാമെന്ന ദേവസ്വം കമ്മിഷണറുടെ നിലപാടുമാറ്റം സംശയകരമാണ്. സ്വർണക്കൊള്ളയുടെ ഉത്തരവാദിത്തത്തിൽ നിന്ന് ദേവസ്വം ബോർഡ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാവില്ല. കീഴുദ്യോഗസ്ഥരെ കുറ്റപ്പെടുത്തി രക്ഷപ്പെടാനും നേതൃത്വത്തിന് കഴിയില്ല. സ്വർണക്കൊള്ളയ്ക്ക് കൂട്ടുനിന്ന ദേവസ്വം ഉന്നതർ മുതൽ താഴേക്കുള്ള എല്ലാ ഉദ്യോഗസ്ഥരുടെയും പങ്ക് എസ്ഐടി അന്വേഷിക്കണം. സ്വർണക്കൊള്ളയിലെ വിശാല ഗൂഢാലോചന, അധികാര ദുർവിനിയോഗം, ചുമതലയിൽ നിന്നുള്ള വ്യതിചലനം എന്നിവ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Content Highlights: SIT seizes minutes of Travancore Devaswom Board in connection with Sabarimala gold theft

dot image
To advertise here,contact us
dot image