
മലപ്പുറം: ഫിനാൻസ് സ്ഥാപനത്തില്‍ നിന്ന് എടുത്ത ലോണ്‍ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. മഞ്ചേരി വായ്പ്പാറപ്പടി സ്വദേശികളായ അസദുള്ള, ഭാര്യ മിന്‍സിയ, മകന്‍ അമീന്‍ സിയാദ് എന്നിവരെയാണ് ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാര്‍ മര്‍ദിച്ചത്. പരിക്കേറ്റവരെ മഞ്ചേരി മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.
മണപ്പുറം ഫിനാൻസിൽ നിന്ന് 2023-ല്‍ അഞ്ചര സെന്റ് ഭൂമി പണയപ്പെടുത്തി 4,10,000 രൂപയാണ് കുടുംബം വായ്പ എടുത്തിരുന്നത്. എന്നാല്‍ രണ്ട് മാസമായി ലോണ്‍ തിരിച്ചടക്കാൻ സാധിച്ചിരുന്നില്ല. ഇതേതുടർന്നാണ് ജീവനക്കാര്‍ വീട് കയറി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്.
ജീവനക്കാര്‍ വീട്ടിലെത്തി ഇന്ന് തന്നെ ലോണ്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിച്ചുവെന്നുമാണ് വിവരം. ഹെല്‍മറ്റ് കൊണ്ട് അടിച്ചെന്നും കുടുംബം ആരോപിക്കുന്നു. മര്‍ദനത്തില്‍ അമീന്‍ സിയാദിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അസദുള്ളയുടെ മൂക്കിനും മിന്‍സിയയുടെ കൈയിലും വാരിയെല്ലിനും പരിക്കേറ്റു. സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരെ മഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് പൊലീസ് വിളിച്ചുവരുത്തി.
മര്‍ദിച്ചിട്ടില്ലെന്നാണ് ജീവനക്കാരുടെ വാദം. എന്നാല്‍ മര്‍ദിച്ചെന്നും നിയമനടപടി സ്വീകരിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
Content Highlights: Complaint of being beaten up after failing to repay a loan taken from a financial institution