
തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയില്‍ പ്രതിഷേധം അറിയിച്ചതിന് പിന്നാലെ ചാണ്ടി ഉമ്മന്‍ എംഎല്‍എയ്ക്ക് പുതിയ പദവി നല്‍കി. രണ്ട് സംസ്ഥാനങ്ങളുടെ ടാലന്റ് ഹണ്ട് കോഡിനേറ്റര്‍ പദവിയിലേക്കാണ് ചാണ്ടി ഉമ്മനെ നിയോഗിച്ചത്. അരുണാചല്‍ പ്രദേശ്, മേഘാലയ സംസ്ഥാനങ്ങളുടെ ചുമതലയാണ് നല്‍കിയത്.
ഷമ മുഹമ്മദിന് ഗോവയുടെ ചുമതലയും ജോര്‍ജ് കുര്യന് കേരളത്തിന്റെ ചുമതലയും നല്‍കി. കെപിസിസി പുനസംഘടനയില്‍ പ്രതിഷേധം അറിയിച്ചവരെ എഐസിസി പരിഗണിക്കുകയായിരുന്നു. കെപിസിസി പുനഃസംഘടനയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ രൂക്ഷമായി തുടരുന്നതിനിടയിലാണ് പുതിയ പദവികള്‍ നല്‍കിയത്.
13 ഉപാധ്യക്ഷന്മാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കെപിസിസി ജംബോ പട്ടിക പുറത്തുവിട്ടതിന് പിന്നാലെയാണ് ചാണ്ടി ഉമ്മന്‍ അതൃപ്തി പ്രകടമാക്കിയത്. ചാണ്ടി ഉമ്മനെ ജനറല്‍ സെക്രട്ടറിയോ വൈസ് പ്രസിഡന്റോ ആക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും പുറത്തുവിട്ട ജംബോ കമ്മിറ്റിയില്‍ അവസാനവട്ടം അദ്ദേഹത്തെ തഴഞ്ഞുവെന്നായിരുന്നു പരാതി. അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം നിഷേധിച്ചതിനെതിരെ പ്രതികരിച്ചതാണ് ചാണ്ടി ഉമ്മനെ തഴയാന്‍ ഇടയാക്കിയതെന്നും ആരോപണമുയര്‍ന്നിരുന്നു.
കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി വ്യക്തമാക്കിയതിന് പിന്നാലെ കെപിസിസിയുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍നിന്ന് ചാണ്ടി ഉമ്മന്‍ എക്സിറ്റ് അടിച്ചിരുന്നു. എന്നാല്‍ പല വാട്സ്ആപ്പ് ഗ്രൂപ്പുകളിലും താന്‍ ഉണ്ടെന്നും സന്ദേശങ്ങള്‍ കുമിഞ്ഞു കൂടുന്നതിനാലാണ് ഒഴിവായതെന്നുമാണ് ചാണ്ടി ഉമ്മന്‍ പ്രതികരിച്ചത്. ഏത് ഗ്രൂപ്പില്‍നിന്നാണ് പോയതെന്ന് ശ്രദ്ധിച്ചിട്ടില്ല. ഫോണ്‍ പ്രശ്നമായിട്ടാണെന്നും ധാരാളം ഗ്രൂപ്പല്ലേ, ഇത്രയും ഗ്രൂപ്പ് വേണോയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.
Content Highlights: Chandi Ommen got new charge after Dissatisfaction on KPCC reorganization