പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചിട്ടില്ല, സഭയിൽ ചർച്ച നടന്നിട്ടില്ല: മന്ത്രി കെ രാജൻ

തന്റെ അറിവില്‍ പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയുമെന്നും മന്ത്രി

പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാർ തീരുമാനിച്ചിട്ടില്ല, സഭയിൽ ചർച്ച നടന്നിട്ടില്ല: മന്ത്രി കെ രാജൻ
dot image

തിരുവനന്തപുരം: പിഎംശ്രീ പദ്ധതി നടപ്പിലാക്കാൻ സർക്കാർ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി കെ രാജൻ. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭയിൽ ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി പറഞ്ഞതിനെക്കുറിച്ച് അറിയില്ല. ബിനോയ് വിശ്വം പറഞ്ഞതാണ് സിപിഐ നിലപാടെന്നും കെ രാജൻ വ്യക്തമാക്കി.

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണെന്നും കെ രാജൻ വിമർശിച്ചു. ഉച്ചക്കഞ്ഞിയിൽ പോലും കേന്ദ്ര സർക്കാരിന്റെ ആക്രമണം തുടരുകയാണ്. കേരളത്തിന്റെ വിയോജിപ്പ് നിലനിൽക്കുന്നതുകൊണ്ടാണ് പദ്ധതിയിൽ ഒപ്പിടാത്തത്. ഫണ്ട് തരനാകില്ലെന്ന് പറയാൻ കേന്ദ്ര സർക്കാരിന് എന്ത് അധികാരമെന്നും മന്ത്രി ചോദിച്ചു.

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്ത് പാര്‍ട്ടിയില്‍ മറ്റൊരഭിപ്രായമില്ല. തന്റെ അറിവില്‍ പദ്ധതി നടപ്പാക്കാന്‍ ഇപ്പോള്‍ തീരുമാനമെടുത്തതായി അറിവില്ല. ചര്‍ച്ച നടന്നാല്‍ അഭിപ്രായം പറയും. ആവശ്യമെങ്കില്‍ മന്ത്രിസഭായോഗം ഇക്കാര്യം പരിശോധിക്കുമെന്നും മന്ത്രി കെ രാജന്‍ പറഞ്ഞു.

2022ലാണ് രാജ്യത്തെ സ്കൂളുകളുടെ നവീകരണം ലക്ഷ്യമിട്ടുള്ള പദ്ധതി എന്ന നിലയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിഎം ശ്രീ പ്രഖ്യാപിച്ചത്. സ്മാർട്ട് ക്ലാസ് മുറികൾ, ആധുനിക സാങ്കേതിക വിദ്യകൾ, ലാബ്, ലൈബ്രറി എന്നിവയാണ് പദ്ധതിയിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതിയിൽ ഒപ്പിട്ടാൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കേണ്ടി വരും എന്നതു ചൂണ്ടിക്കാട്ടി കേരളമടക്കം ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ ഇതിനെ എതിർത്തിരുന്നു.

Content Highlight : The state government has not decided to implement the PM Shri scheme.

dot image
To advertise here,contact us
dot image