
തിരുവനന്തപുരം: ജംബോ കമ്മിറ്റിയെങ്കിലും ഇത് വരെ കെപിസിസി ഭാരവാഹികളെ പ്രഖ്യാപിച്ചത് സാമൂഹികനീതി ഉറപ്പുവരുത്തിയെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വം. 13 വൈസ് പ്രസിഡന്റുമാരെയും 59 ജനറല്‍ സെക്രട്ടറിമാരെയുമാണ് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്.
ഇത് വരെ പ്രഖ്യാപിച്ച 76% ഭാരവാഹികളില്‍ 14% ഒബിസി വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. വനിതകള്‍ക്ക് 13% പ്രാതിനിധ്യമാണ് ലഭിച്ചത്. പട്ടികവിഭാഗങ്ങളില്‍ നിന്നുള്ള 10% നേതാക്കളും പട്ടികയിലിടം നേടി.
ജനറല്‍ സെക്രട്ടറിമാരില്‍ ഒമ്പത് പേര്‍ വനിതകളാണ്. ഏഴ് പേര്‍ ഒബിസി വിഭാഗത്തില്‍ നിന്നുള്ളവരാണ്. പട്ടികജാതിയില്‍ നിന്ന് 4 പേരും പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്ന് ഒരാളും ജനറല്‍ സെക്രട്ടറിമാരായി. വൈസ് പ്രസിഡന്റുമാരില്‍ രണ്ട് പേരാണ് പട്ടികജാതികളില്‍ നിന്നുള്ളവര്‍. രമ്യ ഹരിദാസ് വൈസ് പ്രസിഡന്റുമാരിലെ ഏക വനിതയുമായി.
സംഘടന കെട്ടിപ്പടുക്കുന്നതിനായി ദേശീയ കോണ്‍ഗ്രസ് മാറ്റിവെച്ച വര്‍ഷമാണ് 2025. ഗുജറാത്തിലും മധ്യപ്രദേശിലും അടക്കം സംഘടന ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. രാഷ്ട്രീയ, സാമൂഹിക അധികാരത്തിലും പാര്‍ട്ടിയിലും സാമൂഹികനീതി ഉറപ്പുവരുത്തണമെന്ന നിലപാടാണ് രാഹുല്‍ ഗാന്ധി സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായാണ് ജാതി സെന്‍സസ് നടപ്പിലാക്കുന്നതിനോടൊപ്പം പാര്‍ട്ടി ഭാരവാഹിത്വങ്ങളിലും എല്ലാ സാമൂഹ്യ വിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നത്.